എ. കെ ശശീന്ദ്രന്‍ രാജിവെക്കണമെന്ന് അജിത് പവാര്‍ പക്ഷം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ബാധകമല്ലെന്ന് മന്ത്രി

എ. കെ ശശീന്ദ്രന്‍ രാജിവെക്കണമെന്ന് അജിത് പവാര്‍ പക്ഷം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ബാധകമല്ലെന്ന് മന്ത്രി

തിരുവനന്തപുരം: വനം മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് കേരളത്തിലെ എന്‍സിപി അജിത് പവാര്‍ പക്ഷം. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എന്‍.എ മുഹമ്മദ് കുട്ടിയാണ് ആവശ്യം ഉന്നയിച്ചത്.

ശരദ് പവാറിനൊപ്പം നില്‍ക്കുന്ന ജനപ്രതിനിധികള്‍ക്ക് നോട്ടീസ് നല്‍കുമെന്നും അജിത് പവാര്‍ പക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

എന്‍സിപി അജിത് പവാര്‍ പക്ഷത്തെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത്. പാര്‍ട്ടി ചിഹ്നവും അജിത് പവാറിനാണ്. ശരദ് പവാറിന്റേതാണ് യഥാര്‍ത്ഥ എന്‍സിപി എന്നാണ് ശശീന്ദ്രന്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ബാധകമല്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

അങ്ങനെയെങ്കില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചവര്‍ ആ സ്ഥാനം രാജിവെക്കണമെന്നാണ് അജിത് പവാര്‍ പക്ഷം ആവശ്യപ്പെടുന്നത്. എന്‍സിപിക്ക് കേരളത്തില്‍ രണ്ട് എംഎല്‍എമാരാണുള്ളത്. അതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്താനാണ് ശരദ് പവാര്‍ പക്ഷത്തിന്റെ തീരുമാനം.

എന്‍സിപിക്ക് ദേശീയ അംഗീകാരം നഷ്ടപ്പെട്ട ശേഷം രണ്ട് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായിട്ടാണ് പ്രവര്‍ത്തിച്ചു വരുന്നത്. അത് മഹാരാഷ്ട്രയിലും നാഗാലാന്‍ഡിലും മാത്രമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ഈ രണ്ടു സംസ്ഥാനങ്ങള്‍ക്കും മാത്രം ബാധകമായിരിക്കുമെന്നത് കമ്മീഷന്‍ ഉത്തരവ് മനസിരുത്തി വായിച്ചാല്‍ മനസിലാകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.