തിരുവനന്തപുരം: മാനന്തവാടിയില്‍ ഇന്ന് കര്‍ഷകന്റെ ജീവനെടുത്ത അക്രമകാരിയായ കാട്ടാനയെ മയക്കുവെടി വെക്കാന്‍ ഉത്തരവിട്ടതായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍. മയക്കുവെടി വെക്കുകയാണ് പോംവഴി. കോടതിയെ സാഹചര്യം മനസിലാക്കുമെന്നും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടുവെന്നും അദേഹം പറഞ്ഞു.
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാലിഗദ്ദ പനച്ചിയില്‍ അജിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപ നല്‍കുമെന്ന് വനം മന്ത്രി അറിയിച്ചു. ഇത് തിങ്കളാഴ്ച കൈമാറും.
എന്നാല്‍ അമ്പത് ലക്ഷം രൂപ നഷ്ട പരിഹാരവും കൊല്ലപ്പെട്ട അജിയുടെ ഭാര്യയ്ക്ക് സ്ഥിരം സര്‍ക്കാര്‍ ജോലിയും കടബാധ്യത എഴുതി തള്ളണമെന്നതുമാണ് പ്രതിഷേധം തുടരുന്ന നാട്ടുകാരുടെ ആവശ്യം.
പ്രശ്‌ന പരിഹാരത്തിനായി ജില്ലാ കളക്ടര്‍ രേണു രാജിന്റെ നേതൃത്വത്തില്‍ മാനന്തവാടി സബ്കളക്ടര്‍ ഓഫീസില്‍ സര്‍വ്വകക്ഷി യോഗം തുടരുമ്പോഴും നാട്ടുകാര്‍ പുറത്ത് പ്രതിഷേധം തുടരുകയാണ്.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 909 പേര്‍. 7,492 പേര്‍ക്കാണ് വിവിധ ആക്രമണത്തില്‍ പരിക്കേറ്റത്. ആകെ 68 കോടിയിലധികം രൂപയുടെ കൃഷിനാശം ഉണ്ടായി.
കഴിഞ്ഞ വര്‍ഷം മാത്രം 85 പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 817 പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ നിയമ സഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്.
അതേസമയം ഇന്ന് മാനന്തവാടിയിലിറങ്ങിയ അക്രമകാരിയായ ആനയെ തിരിച്ചറിഞ്ഞു. കര്‍ണാടകയില്‍ നിന്നും റേഡിയോ കോളര്‍ ഘടിപ്പിച്ച ബേലൂര്‍ മഗ്‌ന എന്ന ആനയാണിത്.
കഴിഞ്ഞ നവംബര്‍ 30 ന് ഹാസന്‍ ഡിവിഷനിലെ ബേലൂരില്‍ നിന്നാണ് ഈ ആനയെ പിടികൂടിയത്. തുടര്‍ന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന മൂലഹള്ളി വന്യജീവി റേഞ്ചില്‍ തുറന്ന് വിടുകയായിരുന്നു.