മാനന്തവാടി: കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ടയച്ച കാട്ടാന മാനന്തവാടിയിലെത്തി പടമല പനച്ചിയില്‍ അജീഷിനെ(47) ചവിട്ടിയരച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ജനരോഷം ആളിക്കത്തുന്നു. സംഭവത്തില്‍ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങി. ആനയെ മയക്കുവെടിവച്ച് പിടികൂടാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും ജനങ്ങള്‍ ശാന്തരായില്ല. പിന്നാലെ അജീഷിന്റെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ കോഴിക്കോട്ട് പ്രഖ്യാപിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും. അതേസമയം കാട്ടാനയെ മയക്കുവെടിവയ്ക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ആനയെ മയക്കുവെടിവച്ച് മുത്തങ്ങയിലേക്ക് കൊണ്ടുപോകും. കാട്ടിലേക്ക് വിടണോ കുങ്കിയാന ആക്കണമോ എന്നതില്‍ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കാട്ടാനയെ മയക്കുവടിവെച്ച് പിടികൂടുന്നതിന് ദൗത്യസംഘം പ്രവര്‍ത്തനം രാവിലെ മുതല്‍ ആരംഭിച്ചു. മുത്തങ്ങയിലേക്ക് കൊണ്ടുപോയതിന് ശേഷം ആനയെ നിരീക്ഷണം നടത്തും. ആരോഗ്യസ്ഥിതി അടക്കം പരിശോധിച്ച ശേഷമാകും ആനപരിപാലന കേന്ദ്രത്തില്‍ കൊണ്ടുപോകണമോ അതോ ഉള്‍ക്കാട്ടിലേക്ക് അയക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഇതാണ് നടപടിക്രമം. എന്നാല്‍ നിരീക്ഷണത്തിന് ശേഷം മാത്രമാകും അന്തിമ തീരുമാനമെടുക്കുക എന്നും മന്ത്രി വ്യക്തമാക്കി.
ഓരോ ദൗത്യവും പുതിയ പാഠമാണ്. മുന്‍ അനുഭവത്തില്‍ നിന്ന് പാഠം പഠിച്ച് കൂടുതല്‍ ജാഗ്രതയോട് കൂടിയുള്ള നടപടി സ്വീകരിക്കും. നിലവില്‍ ആന ഉള്‍ക്കാട്ടിലേക്ക് പോയിട്ടുണ്ട്. ആന നിരീക്ഷണത്തിലാണ്. ഇന്നലെ ജനങ്ങളുടെ രോഷം അഭിമുഖീകരിക്കേണ്ടി വന്നു. അവരുടെ പ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നതിനാല്‍ ആനയെ പിടികൂടുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ സാധിച്ചില്ല. ആനയെ പിടികൂടുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മരിച്ച അജീഷിന്റെ സംസ്‌ക്കാരം ഇന്ന് മൂന്നിന് പടമല സെന്റ് അല്‍ഫോന്‍സ് ദേവാലയ സെമിത്തേരിയില്‍ നടക്കും.
പടമല പനച്ചിയില്‍ കുഞ്ഞുമോന്റെയും എല്‍സിയുടെയും മകനാണ് അജീഷ്. ഭാര്യ: ഷീബ. മക്കള്‍: അല്‍ന (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി എം.ജി.എം.സ്‌കൂള്‍, മാനന്തവാടി ) അലന്‍ (നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഗവ.എല്‍.പി.സ്‌കൂള്‍, കുറുക്കന്‍മൂല).
കര്‍ണാടക വനം വകുപ്പ് കഴിഞ്ഞ നവംബര്‍ മുപ്പതിന് റേഡിയോ കോളര്‍ ഘടിപ്പിച്ച് മൂലഹളളി വനത്തിലേക്ക് വിട്ട ശല്യക്കാരനായ ബേലൂര്‍മഗ്‌ന (മോഴ) എന്ന കാട്ടാനയാണ് ടൂറിസ്റ്റ് കേന്ദ്രമായ കുറുവ ദ്വീപിന് സമീപം കര്‍ഷകനായ അജീഷിന്റെ ജീവനെടുത്തത്. പുലര്‍ച്ചെ ഒന്നോടെയാണ് ആന കേരള അതിര്‍ത്തിയില്‍ പ്രവേശിച്ചത്. മൂന്നോടെ മാനന്തവാടി നഗരസഭാ പരിധിയിലെത്തി. രാവിലെ ഏഴോടെ ജോലിക്കാരെ വിളിക്കാന്‍ റോഡിലേക്ക് ഇറങ്ങിയതായിരുന്നു അജീഷ്.
ചീറിയടുത്ത ആനയെ കണ്ട് അജീഷും റോഡിലുണ്ടായിരുന്ന മറ്റുള്ളവരും ജീവനും കൊണ്ട് ഓടി. ആന പിന്തുടര്‍ന്നതോടെ സുഹൃത്ത് കണ്ടത്തില്‍ ജോമോന്റെ വീട്ടുവളപ്പിലേക്ക് അജീഷും കൂടെയുണ്ടായിരുന്ന സഞ്ജുവും ഗേറ്റ് ചാടിക്കടന്നു. എന്നാല്‍ നിലത്തുവീണ അജീഷിനെ ഗേറ്റ് തകര്‍ത്തു കയറിയ ആന എടുത്ത് എറിഞ്ഞ് ചവിട്ടി അരയ്ക്കുകയായിരുന്നു. പിന്നീട് ആന സമീപത്തെ കുന്നിന്‍ മുകളിലേക്ക് പോയി നിലയുറപ്പിക്കുകയായിരുന്നു.