ബേലൂര്‍ മഗ്നയെ വളഞ്ഞ് ദൗത്യ സംഘം: കുങ്കിയാനകളും റെഡി; കാടിന് പുറത്തെത്തിച്ച് മയക്കുവെടി വെക്കാന്‍ നീക്കം

ബേലൂര്‍ മഗ്നയെ വളഞ്ഞ് ദൗത്യ സംഘം: കുങ്കിയാനകളും റെഡി; കാടിന് പുറത്തെത്തിച്ച്  മയക്കുവെടി വെക്കാന്‍ നീക്കം

മാനന്തവാടി: മാനന്തവാടിയില്‍ കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മാഗ്ന ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ള സ്ഥലം വനം വകുപ്പ് തിരിച്ചറിഞ്ഞു. തോല്‍പ്പെട്ടി വനമേഖലയില്‍ നിന്ന് ആനയുടെ സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വനത്തിനുള്ളിലേക്ക് പോകുകയും ആനയുള്ള പ്രദേശം വളയുകയും ചെയ്തതായാണ് വിവരം.

ആനയെ തളയ്ക്കുന്നതിനായി കോന്നി സുരേന്ദ്രന്‍, വിക്രം, സൂര്യ, ഭരത് എന്നീ കുങ്കിയാനകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആനയെ കാട്ടില്‍ നിന്ന് പുറത്തേക്ക് എത്തിച്ചശേഷം വൈകുന്നേരത്തോടെ മയക്കുവെടി വെക്കാനാണ് നീക്കം. ഇപ്പോള്‍ ആനയുള്ള സ്ഥലത്തേക്ക് വാഹനം എത്തിക്കാന്‍ പ്രയാസമുള്ളതിനാലാണിത്.

മയക്കുവെടി വെക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. വനംവകുപ്പിന് പുറമെ റവന്യു, പോലീസ് ഉദ്യോഗസ്ഥരും പ്രദേശത്തുണ്ട്. ബാവലിയില്‍ ജനങ്ങള്‍ അനാവാശ്യമായി പുറത്തിറങ്ങരുതെന്ന കര്‍ശന ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹാസനിലെ ബേലൂരില്‍ നിന്ന് പിടികൂടിയ സ്ഥിരം കുഴപ്പക്കാരനും അക്രമകാരിയുമായ മോഴയാനയാണ് ബേലൂര്‍ മാഗ്ന. ജനവാസ കേന്ദ്രങ്ങളിലിറങ്ങി കുഴപ്പമുണ്ടാക്കിയതോടെയാണ് ഈ ആനയെ അന്ന് പിടികൂടിയത്.

ഇതേ ആനയാണ് ശനിയാഴ്ച രാവിലെ മാനന്തവാടിക്ക് സമീപം ചാലിഗദ്ദയില്‍ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി കര്‍ഷകനും ട്രാക്ടര്‍ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്നത്. ആനയെക്കണ്ട് അജീഷ് സമീപത്തുള്ള പായിക്കണ്ടത്തില്‍ ജോമോന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്ന് വീട്ടിലേക്കുള്ള പടവുകള്‍ കയറി ഗേറ്റ് പൊളിച്ചെത്തിയ ആന അജീഷിനെ കൊലപ്പെടുത്തുകയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.