'2047 നകം കേരളത്തില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരണം': പോപ്പുലര്‍ ഫ്രണ്ട് മാസ്റ്റര്‍ ട്രെയിനര്‍ ഭീമന്റവിട ജാഫര്‍ എന്‍ഐഎ കസ്റ്റഡിയില്‍

'2047 നകം കേരളത്തില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരണം': പോപ്പുലര്‍ ഫ്രണ്ട് മാസ്റ്റര്‍ ട്രെയിനര്‍ ഭീമന്റവിട ജാഫര്‍ എന്‍ഐഎ കസ്റ്റഡിയില്‍

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ (പിഎഫ്‌ഐ) മാസ്റ്റര്‍ ട്രെയിനര്‍ എന്ന് അറിയപ്പെടുന്ന ഭീമന്റവിട ജാഫര്‍ അറസ്റ്റില്‍. 2047 നകം കേരളത്തില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിനായി വിവിധ ഇടങ്ങളിലും വിവിധ വ്യക്തികളെ കേന്ദ്രീകരിച്ചും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടെന്ന കേസിലാണ് ഭീമന്റവിട ജാഫറിനെ എന്‍ഐഎ പിടികൂടിയത്. ഒളിവിലായിരുന്ന ജാഫറിനെ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം പിടികൂടിയത്.

നിരവധി കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പിടിയിലായ ജാഫര്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് സ്‌ക്വാഡുകള്‍ക്ക് ആയുധ പരിശീലനം ഉള്‍പ്പെടെ നല്‍കിയിരുന്നത് ജാഫറാണെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. എന്‍ഐഎ സംഘവും കേരള പൊലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡും (എടിഎസ്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ജാഫര്‍ പിടിയിലായത്.

കേസില്‍ അറസ്റ്റിലാകുന്ന 59 ാമത്തെ വ്യക്തിയാണ് ജാഫര്‍. ആകെ 60 പേര്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വിവിധ സമുദായങ്ങളിലെ അംഗങ്ങളെയും നേതാക്കളെയും വധിക്കാന്‍ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പിഎഫ്‌ഐ ഹിറ്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശീലനം നല്‍കി എന്നതിന് തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ വ്യക്തമാക്കിയിരുന്നു.

എന്‍ഐഎ ആദ്യം കസ്റ്റഡിയിലെടുത്ത തൃശൂര്‍ സ്വദേശി നബീല്‍ അഹമ്മദിന്റെ മൊഴിയില്‍ നിന്നാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന നബീല്‍, സുഹൃത്ത് ആഷിഫ് അടക്കമുള്ളവരാണ് കേരളത്തില്‍ ഐ.എസ് ഗ്രൂപ്പ് സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ഖത്തറിലെ അഫ്ഗാന്‍, സിറിയന്‍ സുഹൃത്തുക്കള്‍ വഴിയാണ് ഐ.എസ് ഭീകരരുമായി ഇവര്‍ അടുപ്പം സ്ഥാപിച്ചത്. കേരളത്തില്‍ യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ പെറ്റ് ലൗവേഴ്‌സ് എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. കേരളത്തിലേക്ക് മടങ്ങിയെത്തിയ നബീല്‍ അഹമ്മദാണ് ഇതിന് നേതൃത്വം കൊടുത്തതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

ഐ.എസ് പ്രവര്‍ത്തനങ്ങളുടെ ഫണ്ട് ശേഖരണത്തിന് തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രധാന ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാന്‍ പദ്ധതി ഇട്ടിരുന്നു. കൂടാതെ ഒരു ക്രിസ്ത്യന്‍ പുരോഹിതനെ വധിക്കാനും പദ്ധതി തയ്യാറാക്കിയതിന്റെ വിവരങ്ങള്‍ ഫോണ്‍ പരിശോധനയില്‍ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.