ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം അതീവ ദുഷ്കരം; ആറാം ദിനത്തിൽ ദൗത്യസംഘത്തിന് വെല്ലുവിളിയായി പുലിയും

ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം അതീവ ദുഷ്കരം; ആറാം ദിനത്തിൽ ദൗത്യസംഘത്തിന് വെല്ലുവിളിയായി പുലിയും

മാനന്തവാടി: ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസവും തുടരുകയാണ്. സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ ദൗത്യം അതീവ ദുഷ്കരമാണ്. വനത്തിലെ പുലിയുടെ സാന്നിധ്യവും ദൗത്യസംഘത്തിന് വെല്ലുവിളിയായി. ദൗത്യസംഘം ഇന്നലെ രണ്ട് തവണ പുലിയുടെ മുന്നിൽപ്പെട്ടിരുന്നു. ബേലൂർ മഖ്നക്കൊപ്പം ഉള്ള മോഴയാന അക്രമകാരിയാണ് എന്നതും ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു.

കാട്ടിക്കുളം പനവല്ലി റോഡ് മാനിവയൽ പ്രദേശത്താണ് ഇപ്പോൾ ആനയുള്ളത്. ഇവിടെ നിന്ന് ആനയുടെ റേഡിയോ കോളർ സിഗ്നൽ ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി തോൽപ്പെട്ടി - ബേഗൂർ റോഡ് മുറിച്ചുകടന്നാണ് ആന ഈ പ്രദേശത്ത് എത്തിയത്. മയക്കുവെടി വെക്കുന്നതിനായി ട്രാക്കിങ് ടീം വനത്തിലേക്ക് നീങ്ങിയിട്ടുണ്ട്.

ഇന്നലെ രണ്ട് തവണ ആനയുടെ അടുത്ത് വനംവകുപ്പ് സംഘം എത്തിയിരുന്നു. എന്നാൽ മയക്കുവെടി വെയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല. മുള്ള് പടർന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഇന്നലെ രാത്രിയും വനം വകുപ്പ് പ്രദേശത്ത് കോമ്പിംഗ് നടത്തിയിരുന്നു.

അതേ സമയം ആനയെ പിടികൂടാത്തതിൽ ജനങ്ങൾക്ക് അസംതൃപ്തിയുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വനംവ കുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്ന ഇടങ്ങളിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.