സാധാരണക്കാര്‍ക്ക് തിരിച്ചടി നല്‍കി സപ്ലൈകോ: 13 ഇനങ്ങള്‍ക്ക് വില കൂട്ടി; വര്‍ധന മൂന്ന് മുതല്‍ 46 രൂപ വരെ

സാധാരണക്കാര്‍ക്ക് തിരിച്ചടി നല്‍കി സപ്ലൈകോ: 13 ഇനങ്ങള്‍ക്ക് വില കൂട്ടി; വര്‍ധന മൂന്ന്  മുതല്‍ 46 രൂപ വരെ

തിരുവനന്തപുരം: വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടുന്നതിനിടെ സാധാരണക്കാര്‍ക്ക് ആശ്വാസമായിരുന്ന സപ്ലൈകോയും വില വര്‍ധിപ്പിക്കുന്നു. 13 അവശ്യ സാധനങ്ങളുടെ വിലയാണ് കുത്തനെ ഉയര്‍ത്തുന്നത്.

70 ശതമാനമുണ്ടായിരുന്ന സബ്സിഡി 35 ശതമാനമാക്കിയാണ് കുറച്ചത്. ഇതുസംബന്ധിച്ച തീരുമാനം ഉത്തരവായി ഇറങ്ങി. 2016 ന് ശേഷം ഇതാദ്യമായാണ് സപ്ലൈകോ വില വര്‍ധിപ്പിക്കുന്നത്. സപ്ലൈകോയില്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് ഇടത് മുന്നണി നേരത്തെ അനുവാദം നല്‍കിയിരുന്നു.

നിലവിലെ രീതിയില്‍ മുന്നോട്ടു പോകാനാകില്ലെന്ന് സപ്ലൈകോ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സിവില്‍ സപ്ലൈസ് വകുപ്പ് വില വര്‍ധിപ്പിക്കുന്നതിന് നിര്‍ബന്ധിതമായത്.

ഇതോടെ വിലവര്‍ധന സംബന്ധിച്ച് പഠിക്കാന്‍ സപ്ലൈകോ തീരുമാനിച്ചിരുന്നു. ഇതിന് ശേഷമാണ് എത്രത്തോളം വില ഉയര്‍ത്തണമെന്ന കാര്യത്തില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചത്. 2016 ന് ശേഷം പല അവശ്യസാധനങ്ങള്‍ക്കും വിപണിയില്‍ വില ഇരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സപ്ലൈകോയും വില വര്‍ധിപ്പിച്ചാല്‍ അത് വലിയ വര്‍ധനവായി അനുഭവപ്പെടും. ഇക്കാര്യത്തില്‍ പൊതുജനത്തിന്റെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഇതിനൊപ്പം മന്ത്രിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയേക്കുമെന്നാണ് സൂചന. സഭ നടക്കുന്ന സമയത്ത് നിയമ സഭയ്ക്ക് പുറത്ത് വില വര്‍ധന പ്രഖ്യാപിച്ചതാണ് പ്രതിഷേധത്തിന് കാരണം.

ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, കടല, തുവര പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, അരി തുടങ്ങിയവ. ഇവയുടെ വില നിലവിലെ വിലയിലേതിനേക്കാള്‍ വലിയ വില വ്യത്യാസം ഉണ്ട്. ഇവയില്‍ മിക്ക ഇനങ്ങളും സപ്ലൈകോയില്‍ ലഭ്യമല്ല എന്നതിന്റെ പേരില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പ്രതിരോധത്തിലായിരുന്നു.

ഇതിന് പിന്നാലെയാണ് വില വര്‍ധനവ് കൂടി വരുന്നത്. പലതിനും മൂന്ന് രൂപ മുതല്‍ 46 രൂപയിലധികം വിലവര്‍ധന ഉണ്ട്. ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത് തുവര പരിപ്പിനാണ്. 46 രൂപയാണ് വില കൂടിയത്. ഏറ്റും കുറവ് പച്ചരിക്കും, മൂന്ന് രൂപ. അതേസമയം മല്ലിക്ക് 50 പൈസ വില കുറഞ്ഞു.

മലയാളികള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ജയ, മട്ട, കുറുവ അരികള്‍ക്കും വില കൂടിയിട്ടുണ്ട്. ജയ അരിക്ക് നാല് രൂപ കൂടിയപ്പോള്‍ മട്ട, കുറവ അരിക്ക് അഞ്ച് രൂപവരെ കൂടിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.