വന്യജീവി ആക്രമണം: 13 വര്‍ഷത്തിനിടെ ഇടുക്കിയില്‍ കൊല്ലപ്പെട്ടത് 60 ലേറെ പേര്‍; പൂര്‍ണമായ നഷ്ടപരിഹാരമോ സ്ഥിര ജോലിയോ ലഭിക്കാതെ കുടുംബങ്ങള്‍

വന്യജീവി ആക്രമണം: 13 വര്‍ഷത്തിനിടെ ഇടുക്കിയില്‍ കൊല്ലപ്പെട്ടത് 60 ലേറെ പേര്‍; പൂര്‍ണമായ നഷ്ടപരിഹാരമോ സ്ഥിര ജോലിയോ ലഭിക്കാതെ കുടുംബങ്ങള്‍

ഇടുക്കി: വന്യജീവികള്‍ നാട്ടിലിറങ്ങി ആക്രമണം നടത്തുന്നത് പതിവായതോടെ ആശങ്കയിലാണ് ഇടുക്കിയിലെ ജനങ്ങള്‍. കഴിഞ്ഞ 13 വര്‍ഷത്തിനിടെ വന്യജീവിയാക്രമണങ്ങളില്‍ അറുപതിലധികം പേരാണ് ഇടുക്കിയില്‍ മാത്രം കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം പോലും ഇതുവരെ ലഭിച്ചിട്ടില്ല.

വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ആരുടെയും കുടുംബാംഗങ്ങള്‍ക്ക് ഇതുവരെ സ്ഥിര ജോലിയും ലഭിച്ചിട്ടില്ല. 2018 വരെ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നത്. പിന്നീട് അത് 10 ലക്ഷമായി വര്‍ധിപ്പിച്ചു. വന്യജീവി ആക്രമങ്ങളില്‍ മരണം, പരിക്ക്, കൃഷിനാശം, വീടുകള്‍ക്കുണ്ടായ നാശനഷ്ടം തുടങ്ങി വിവിധ ഇനങ്ങളിലായി ഒരു കോടിയിലധികം രൂപയാണ് ഇനിയും നല്‍കാനുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 44 ദിവസത്തിനുള്ളില്‍ ജില്ലയില്‍ കാട്ടാനയാക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. പന്നിയാര്‍ സ്വദേശിനി പരിമളം(44), കോയമ്പത്തൂര്‍ സ്വദേശി പോള്‍ രാജ്(73), ചിന്നക്കനാല്‍ ബിഎല്‍ റാം സ്വദേശി വെള്ളക്കല്ലില്‍ സൗന്ദര്‍രാജന്‍(68) എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര നഷ്ടപരിഹാരമായി 50,000 രൂപ മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്.

വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അടിയന്തരമായി 50,000 രൂപയും വില്ലേജ് ഓഫിസില്‍ നിന്നുള്ള ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോള്‍ നാലര ലക്ഷം രൂപയും താലൂക്ക് ഓഫിസില്‍ നിന്നുള്ള അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോള്‍ ബാക്കിയുള്ള അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം അനുവദിക്കാറുണ്ടെന്നാണ് വനം വകുപ്പ് അധികൃതരുടെ വിശദീകരണം.

എന്നാല്‍ ഗസറ്റില്‍ പരസ്യം ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും സമയം വേണം. മുന്‍പ് വില്ലേജ് ഓഫീസില്‍ നിന്ന് നല്‍കുന്ന കുടുംബാംഗത്വ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കിയിരുത്. ഇപ്പോള്‍ അനന്തരാവകാശ രേഖ നിര്‍ബന്ധമാക്കിയതോടെ നടപടികള്‍ മന്ദഗതിയിലായെന്ന് ഇരകളുടെ കുടുംബാഗങ്ങള്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.