വീണാ വിജയന് തിരിച്ചടി: എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി

വീണാ വിജയന് തിരിച്ചടി: എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി

ബംഗളൂരു: സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് തിരിച്ചടി.

ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അന്വേഷണം തടഞ്ഞുള്ള ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു വീണയുടെ ആവശ്യം.

ജസ്റ്റിസ് എം. നാഗ പ്രസന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്. ' ഹര്‍ജി തള്ളുകയാണ്, പൂര്‍ണമായ വിധി പകര്‍പ്പ് നാളെ രാവിലെ അപ്ലോഡ് ചെയ്യാം'- വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് നാഗ പ്രസന്ന പറഞ്ഞു.

വീണാ വിജയന്‍ ഡയറക്ടറായ എക്സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവര്‍ക്കെതിരെയാണ് 2013 ലെ കമ്പനീസ് ആക്ട് 212 ഒന്ന്(എ), ഒന്ന് (സി) വകുപ്പുകള്‍ പ്രകാരം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.

ജനുവരി 31 ന് എസ്എഫ്‌ഐഒ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന്റെ പേരില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. എസ്എഫ്‌ഐഒയുടെ ഉത്തരവ് ഏകപക്ഷീയമാണെന്നും നിയമ വിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.