വന്യജീവി ആക്രമണം; ഈ മാസം 20 ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം

വന്യജീവി ആക്രമണം; ഈ മാസം 20 ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം

തിരുവനന്തപുരം: വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ തുടര്‍ച്ചയായി മുനുഷ്യജീവനുകള്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ അടിയന്തിര യോഗം വിളിച്ച് സര്‍ക്കാര്‍. ഈ മാസം 20 ന് വയനാട്ടില്‍ മന്ത്രിതല യോഗം ചേരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. റവന്യു, വനം, തദ്ദേശസ്വയംഭരണ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.

വന്യജീവി പ്രശ്നത്തില്‍ അടിയന്തിര പരിഹാരം കാണാനാണ് ഉന്നതതലയോഗം വിളിച്ചിരിക്കുന്നത്. വയനാട് ജില്ലയിലെ ത്രിതല ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

ഇതിനിടെ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി നാട്ടുകാര്‍ ഇന്ന് രാവിലെ പുല്‍പ്പള്ളി നഗരത്തില്‍ പ്രതിഷേധിച്ചിരുന്നു. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനാണ് പുല്‍പ്പള്ളി സാക്ഷ്യം വഹിച്ചത്. കര്‍ഷരടക്കമുള്ള നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

പുല്‍പള്ളിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂരിക്കിടാവിന്റെ ജഡവുമായും രാവിലെ കര്‍ഷകര്‍ നഗരത്തിലെത്തി പ്രതിഷേധിച്ചു. അമ്പത്താറ് വാഴയില്‍ ബേബിയുടെ മൂരിക്കിടാവിനെയാണ് ഇന്ന് പുലര്‍ച്ചെ കടുവ കൊന്നത്. മൂരിക്കുട്ടന്റെ ജഡവുമായി ടൗണില്‍ എത്തിയ ജനക്കൂട്ടം ബസ്സ്റ്റാന്‍ഡ് പരിസരത്ത് റോഡില്‍ വനം വകുപ്പിന്റെ വാഹനവും തടഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.