രാഹുൽ ഗാന്ധി വയനാട്ടിൽ; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു

രാഹുൽ ഗാന്ധി വയനാട്ടിൽ; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു

മാനന്തവാടി: വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ചാലിഗദ്ദയിലെ അജീഷിന്റെയും വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പോളിന്റെയും വീടുകൾ സന്ദർശിച്ചു. വന്യജീവി ആക്രമണം നിയന്ത്രിക്കാനുള്ള അടിയന്തര തയ്യാറെടുപ്പ് സംബന്ധിച്ച് രാഹുൽ ഗാന്ധി ജില്ലാ കലക്ടറുമായി ചർച്ച ചെയ്യും.

എല്ലാ സഹായങ്ങളും ചെയ്യാമെന്ന് രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തെന്ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൾ അൽന പറഞ്ഞു. മൃഗങ്ങൾ നാട്ടിൽ ഇറങ്ങാതിരിക്കാൻ നടപടിയെടുക്കണം എന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായും കുടുംബം വ്യക്തമാക്കി.

വന്യജീവി ആക്രമണത്തിൽ വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പോൾ മരിച്ചത് വേണ്ടത്ര ചികിത്സ കിട്ടാതെയാണെന്ന് കുടുംബം ആരോപിച്ചു. മാനന്തവാടി മെഡിക്കൽ കോളജിൽ വേണ്ട ചികിത്സ ലഭിച്ചിരുന്നില്ലെന്ന് പോളിന്റെ ഭാര്യ ഷാലി പറഞ്ഞു. മൃതദേഹം വീട്ടിലെത്തിക്കാൻ വൈകിയതിലും കുടംബം അതൃപ്തി അറിയിച്ചു. ചികിത്സ കിട്ടാതെ ഇനി ഒരാളും മരിക്കേണ്ടി വരരുതെന്ന് പോളിന്റെ മകൾ സോന പറഞ്ഞു. മാനന്തവാടി മെഡിക്കൽ കോളജിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ഭാരത് ജോഡോ ന്യായ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത്. ഉച്ചവരെ ജില്ലയിൽ ചെലവഴിച്ച ശേഷം ഭാരത്‌ ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മടങ്ങും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.