വന്യജീവി ആക്രമണം: തമിഴ്‌നാട്-കര്‍ണാട അധികൃതരുമായി ചര്‍ച്ച നടത്തി രാഹുല്‍ ഗാന്ധി; അയല്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കാനും നിര്‍ദേശം

വന്യജീവി ആക്രമണം: തമിഴ്‌നാട്-കര്‍ണാട അധികൃതരുമായി ചര്‍ച്ച നടത്തി രാഹുല്‍ ഗാന്ധി; അയല്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കാനും നിര്‍ദേശം

കല്‍പറ്റ: അയല്‍ സംസ്ഥാന വനാതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങളില്‍ വന്യജീവികള്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് തമിഴ്‌നാട്-കര്‍ണാട അധികൃതരുമായി ചര്‍ച്ച നടത്തിയതായി രാഹുല്‍ ഗാന്ധി എം.പി അറിയിച്ചു. ഔദ്യോഗിക തലത്തില്‍ അയല്‍ സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കാനും ജില്ല കളക്ടര്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി.

ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച ശേഷം കല്‍പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഒരു മാസത്തിനകം തന്നെ നല്‍കാന്‍ റവന്യൂ-വനം വകുപ്പുകള്‍ ഇടപെടല്‍ നടത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മാനന്തവാടി ഗവ മെഡിക്കല്‍ കോളജില്‍ വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ ചികിത്സക്ക് എത്തുന്നവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കണം. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാനും അധികൃതര്‍ക്ക് എം.പി നിര്‍ദേശം നല്‍കി.

കൂടാതെ മനുഷ്യ-മൃഗ സംഘര്‍ഷം ലഘൂകരിക്കുന്നതിനും ആക്രമിക്കപ്പെടുന്ന വളര്‍ത്തു മൃഗങ്ങള്‍ക്ക് അതിവേഗ ചികിത്സ ഉറപ്പാക്കാനും രാഹുല്‍ ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ട് മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍ രാഹുല്‍ ഗാന്ധി ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.

എം.പിയുടെ അധ്യക്ഷതയില്‍ കല്‍പ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ കെ.സി വേണുഗോപാല്‍ എം.പി, എം.എല്‍.എമാരായ ടി. സിദ്ദീഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍, സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, എ.ഡി.എം കെ. ദേവകി, സൗത്ത് ഡി.എഫ്.ഒ ഷജ്‌ന കരീം, നോര്‍ത്ത് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.