ഹൊസൂര്‍: മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്‌നാട് ഹൊസൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച. ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഏഴ് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. ഇന്ന് രാവിലെ 10ന് ശാഖ തുറന്ന ഉടനാണ് സംഭവം.
മുഖം മൂടി ധരിച്ചെത്തിയ ആറംഗ സംഘം മാനേജരേയും നാല് ജീവനക്കാരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ടു. പിന്നീട് ലോക്കര്‍ തുറന്ന് സ്വര്‍ണവും പണവും കവരുകയായിരുന്നു. 25091 ഗ്രാം സ്വര്‍ണവും 96,000 രൂപയുമാണ് നഷ്ടമായത്.
സംഭവം അറിഞ്ഞയുടന്‍ പോലീസെത്തി സിസിടിവി പരിശോധിച്ചു. അഞ്ച് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. കവര്‍ച്ചയ്ക്കു ശേഷം സംഘം വാഹനത്തില്‍ ബംഗളൂരു ഭാഗത്തേക്കാണ് പോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുത്തൂറ്റിന്റെ കൃഷ്ണഗിരി ശാഖയില്‍ ഒരു മാസം മുമ്പ് കവര്‍ച്ചാ ശ്രമം നടന്നിരുന്നു.