'പി. മോഹനനെ വിട്ടയച്ചതിനെതിരെ അപ്പീല്‍ നല്‍കും'; മുകളിലുള്ളവരുടെ ഗൂഢാലോചന കൂടി പുറത്തു കൊണ്ടുവരുമെന്ന് കെ.കെ രമ

'പി. മോഹനനെ വിട്ടയച്ചതിനെതിരെ അപ്പീല്‍ നല്‍കും';  മുകളിലുള്ളവരുടെ ഗൂഢാലോചന കൂടി പുറത്തു കൊണ്ടുവരുമെന്ന് കെ.കെ രമ

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ വിട്ടയച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കെ.കെ രമ. കേസിലെ മുഖ്യപങ്കാളികളായ മോഹനന്‍ അടക്കമുള്ളവരുടെ ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്നും അവര്‍ വ്യക്തമാക്കി.

വിധി കേട്ടതിന് ശേഷം കെ.കെ രമ പൊട്ടിക്കരഞ്ഞു. ഇതുകൊണ്ടൊന്നും കേസ് അവസാനിക്കുന്നില്ലെന്നും മുകളിലുള്ളവരുടെ ഗൂഢാലോചന കൂടി പുറത്തു കൊണ്ടുവരും. കെ.കെ കൃഷ്ണനും കൂടി പ്രതിയാണെന്ന് ഹൈക്കോടതി കണ്ടെത്തിയതോടെ പാര്‍ട്ടിയുടെ പങ്ക് കൂടുതല്‍ വെളിപ്പെട്ടു വരികയാണ്.

വലിയ സാമ്പത്തിക സ്വാധീനവും രാഷ്ട്രീയ സ്വാധീനവും ഒക്കെ ഈ കേസിനുണ്ടായിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ ഭാസ്‌കരന്‍ മാഷ് സ്ഥിരമായി വന്ന് കേസിന്റെ മേല്‍നോട്ടം വഹിച്ചിരുന്നു. എല്ലാ ദിവസവും കോടതിയിലുണ്ടായിരുന്നു. സിപിഎമ്മാണ് ഈ കേസ് നടത്തിയത്. കൊലയാളികള്‍ക്കുള്ള കേസുകള്‍ പോലും സിപിഎമ്മാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഇനി ഇതുപോലൊരു കൊലപാതകം കേരളത്തില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. അതിന് കൂടിയുള്ള താക്കീതാണ് കോടതി വിധി. ഇങ്ങനെ നീതി നടപ്പാക്കപ്പെടണം നമ്മുടെ നാട്ടില്‍. കോടതി അത് കണ്ടു എന്നതില്‍ വളരെ സന്തോഷവും ആദരവുമുണ്ട്. ഈ കേസില്‍ തങ്ങളൊടൊപ്പം ഉണ്ടായിരുന്ന എല്ലാവരോടും നന്ദി പറയുന്നുവെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.