വീണയ്ക്ക് കാനഡയില്‍ കമ്പനിയുണ്ടെന്ന് ആരോപണം: ഷോണ്‍ ജോര്‍ജിനെതിരെ കേസ്

 വീണയ്ക്ക് കാനഡയില്‍ കമ്പനിയുണ്ടെന്ന് ആരോപണം: ഷോണ്‍ ജോര്‍ജിനെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് കാനഡയില്‍ കമ്പനിയുണ്ടെന്ന ആരോപണത്തില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെതിരെ പൊലീസ് കേസ്. വീണയുടെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസാണ് കേസ് രജിസ്റ്റര്‍  ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയെന്നാണ് വീണയുടെ പരാതി.

പിതാവും ഭര്‍ത്താവും സിപിഎം നേതാക്കളായതിനാല്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. വീണയ്ക്ക് കാനഡയില്‍ കമ്പനിയുണ്ടെന്ന് ഷോണ്‍ ജോര്‍ജ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ഷാണ്‍ ജോര്‍ജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി വാര്‍ത്തയാക്കിയിരുന്നു. വീണയുടെ പരാതിയില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്.

അതേസമയം കേസെടുത്ത നടപടിയില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. താന്‍ പരാതിക്കാരിയെയോ അവരുടെ ഭര്‍ത്താവിനെയോ അച്ഛനെയോ പരമാര്‍ശിച്ചിട്ടില്ലെന്നായിരുന്നു ഷോണ്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

' പോസ്റ്റില്‍ എവിടെയാണ് ഞാന്‍ പരാതിക്കാരിയെയോ അവരുടെ അച്ഛനെയോ ഭര്‍ത്താവിനെയോ പരാമര്‍ശിച്ചത്. ഇത് കണ്ടപ്പോള്‍ അത് അവരെയാണ് ഉദേശിച്ചത് എന്ന് തോന്നിയെങ്കില്‍ നാട്ടിന്‍ പുറത്ത് ഒരു ചൊല്ലുണ്ട് . 'കോഴി കട്ടവന്റെ തലയില്‍ പപ്പ് '- ഷോണ്‍ പോസ്റ്റില്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.