മാനന്തവാടി: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ഈ മാസം 22 ന് രാവിലെ 10 മുതല്‍ അഞ്ച് വരെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ ഏകദിന ഉപവാസവും പ്രതിഷേധ റാലിയും സംഘടിപ്പിക്കുമെന്ന് മാനന്തവാടി രൂപതാ മെത്രാന്‍ ബിഷപ് ജോസ് പൊരുന്നേടം. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തരശ്രദ്ധയും ഇടപെടലും ഉണ്ടാകുവാനായിട്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ കളക്ടറേറ്റിന് മുമ്പില്‍ ഉപവാസ സമരമായി ആരംഭിക്കുന്ന പ്രതിഷേധം ഉച്ചയ്ക്ക് മൂന്നിന് കൈനാട്ടി ബൈപ്പാസില്‍ നിന്ന് പ്രതിഷേധ റാലിയായി കളക്ടറേറ്റിന് മുന്നിലൂടെ കല്‍പ്പറ്റ ടൗണിലെ പുതിയ ബസ്റ്റാന്റിന് സമീപം എത്തും. തുടര്‍ന്ന് പൊതുസമ്മേളനത്തോടെ പരിപാടി അവസാനിക്കുകയും ചെയ്യും.
പ്രസ്തുത സമരത്തില്‍ തലശേരി, താമരശേരി രൂപതകളുടെ അധ്യക്ഷന്‍മാരും രൂപതയിലെ വൈദികര്‍, സന്യസ്തര്‍ വൈദിക വിദ്യാര്‍ഥികള്‍, വിവിധ ഭക്തസംഘടന അംഗങ്ങള്‍, മതാധ്യാപകര്‍, അധ്യാപകര്‍, കര്‍ഷകര്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് രൂപതാ മെത്രാന്‍ ബിഷപ് ജോസ് പൊരുന്നേടം അറിയിച്ചു.