തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്താന്‍ ഖജനാവില്‍ പണമില്ല. ഈ സാഹചര്യത്തില്‍ സ്‌കൂളുകളുടെ നിത്യ ചെലവിനുള്ള ഫണ്ട് ഉപയോഗിച്ച് പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.
സ്‌കൂളുകളുടെ ചെലവുകള്‍ക്കായി നീക്കിവച്ചിരിക്കുന്ന പണമെടുക്കാന്‍ അനുമതി തേടി പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷ സെക്രട്ടറിയും നേരത്തെ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പത്താം ക്ലാസിലെ ഐടി പരീക്ഷയും ഹയര്‍സെക്കന്‍ഡറി പരീക്ഷകളും നടത്താനാണ് പണമില്ലാത്തത്. ഇതോടെ സ്‌കൂളുകളുടെ ദൈനംദിന ചെലവിനായുള്ള പണമെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സ്‌കൂളുകളുടെ പണം തിരികെ നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.
നാല്‍പ്പത്തിനാല് കോടി രൂപയാണ് കഴിഞ്ഞ അധ്യയന വര്‍ഷം പരീക്ഷ നടത്തിപ്പിന് ചെലവായത്. ഈ തുക കുടിശികയായി തന്നെ ഇരിക്കുകയാണ്.
ഇതിനിടയിലാണ് സ്‌കൂളുകളുടെ ദൈനംദിന ചെലവുകള്‍ക്കായുള്ള പണം ചെലവഴിക്കാനുള്ള നിര്‍ദേശം കൂടി വരുന്നത്.