പൂഞ്ഞാർ ഫൊറാന ദേവാലയത്തിൽ വൈദികനെ കാറിടിപ്പിച്ച് വീഴ്ത്തിയതിൽ വ്യാപക പ്രതിഷേധം; മാർ ജോസഫ് കല്ലറങ്ങാട്ട് പരിക്കേറ്റ വൈദികനെ ആശുപത്രിയിൽ സന്ദർശിച്ചു

പൂഞ്ഞാർ ഫൊറാന ദേവാലയത്തിൽ വൈദികനെ കാറിടിപ്പിച്ച് വീഴ്ത്തിയതിൽ വ്യാപക പ്രതിഷേധം; മാർ ജോസഫ് കല്ലറങ്ങാട്ട് പരിക്കേറ്റ വൈദികനെ ആശുപത്രിയിൽ സന്ദർശിച്ചു

കാഞ്ഞിരിപ്പള്ളി: പൂഞ്ഞാര്‍ സെന്റ് മേരിസ് ഫൊറാന ദേവാലയത്തിലെ അസിസ്റ്റന്റ് വികാരി ഫാദർ തോമസ് ആറ്റുച്ചാലിനെ പള്ളിമുറ്റത്ത് അക്രമകാരികളായ ഒരുപറ്റം സാമൂഹ്യ വിരുദ്ധർ വാഹനമിടിച്ച് വീഴ്ത്തി അപായപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സ്വദേശികളായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

നോമ്പുകാല ആരാധന തടസപ്പെടുത്തുകയും വൈദികനെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിൽ പാലാ രൂപതയും പൂഞ്ഞാർ സെന്റ് മേരീസ് ഇടവകയും ശക്തമായി പ്രതിഷേധിച്ചു. പള്ളിയങ്കണത്തിൽ അതിക്രമിച്ച് കടക്കുകയും വൈദികനെ ആക്രമിക്കുകയും ചെയ്‌ത സംഭവമറിഞ്ഞ് ആയിരക്കണക്കിന് വിശ്വാസികളും രൂപതയിലെ നിരവധി വൈദികരും സന്യസ്തരും പള്ളി അങ്കണത്തിൽ എത്തിച്ചേർന്നു. വൈകീട്ട് പൂഞ്ഞാര്‍ ടൗണില്‍ നടന്ന പ്രതിഷേധ റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.


അക്രമത്തെ തുടർന്ന് പള്ളിയിൽ ഒത്തുകൂടിയവരോട് വികാരി കാര്യങ്ങൾ വിശദീകരിക്കുന്നു

ഇന്നലെ ഉച്ചയോടെ പള്ളിയിൽ ആരാധന നടന്ന് കൊണ്ടിരിക്കേ കുരിശടിയിലും മൈതാനത്തും പതിനഞ്ചോളം വരുന്ന സംഘം വലിയ ശബ്ദത്തോടെ വാഹന അഭ്യാസപ്രകടനം നടത്തിയതിനെ ഫാദർ ജോസഫ് ആറ്റുചാലിൽ തടയുകയും അവരോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ആക്രമണം.

വൈദികനും പള്ളി അധികാരികൾക്കും നേരേ സംഘം അസഭ്യവർഷം ചൊരിയുകയും കൈയേറ്റത്തിന് മുതിരുകയുമായിരിന്നു. പള്ളിയുടെ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചപ്പോൾ അമിത വേഗത്തിൽ കാർ ഓടിച്ച് വൈദികനെ ഇടിച്ച് വീഴ്ത്തി. സാരമായി പരിക്കേറ്റ ഫാ. ജോസഫ് ആറ്റുചാലിലിനെ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആശുപത്രിയിൽ കഴിയുന്ന ഫാദർ തോമസ് ആറ്റുച്ചാലിനെ സന്ദർശിച്ചു.
പ്രതിഷേധത്തിനായി ഒത്തുകൂടിയവർ

പാലാ ഡിവൈഎസ്‌പി പി.കെ. സദൻ, ഈരാറ്റുപേട്ട എസ്എച്ച്‌ഒ എ.പി. സു ബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പള്ളിയിലെത്തി അന്വേഷണം ആരംഭിച്ചു. പള്ളിയിലെ നിരീക്ഷണ കാമറകൾ സംഭവ സമയത്ത് ഓഫായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം അക്രമി സംഘമെത്തിയ വാഹനങ്ങളുടെ ചിത്രങ്ങൾ പൊലീസിന് നാട്ടുകാർ കൈമാറി.

പള്ളി കോമ്പൗണ്ടില്‍ കയറി വൈദികനെ ആക്രമിച്ചവരെ കണ്ടെത്തി അടിയന്തര നടപടിയുണ്ടാകണമെന്ന് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

"പള്ളിയിലെ ആരാധനയ്ക്ക് തടസം സൃഷ്ടിക്കുന്ന രീതിയില്‍ ബൈക്കഭ്യാസം പള്ളിയുടെ കോമ്പൗണ്ടില്‍ അരങ്ങേറിയത് ആസൂത്രിതമെന്ന് സംശയിക്കുന്നു. മുൻപും ഇത്തരം ശ്രമങ്ങൾ ഉണ്ടായി എന്നതിന്റെ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപെടുത്തി കേസെടുക്കണം.മതമൈത്രി തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം വളരെ വലുതായിരിക്കും. പള്ളി കോമ്പൗണ്ട് സഭയുടെയും ഇടവക സമൂഹത്തിന്റേതുമാണ്. സാമൂഹ്യ വിരുദ്ധര്‍ക്ക് അഴിഞ്ഞാടാനുള്ളതല്ല എന്തു വിലകൊടുത്തും സഭയ്ക്കും സമൂഹത്തിനുമായി നിസ്വാര്‍ത്ഥ സേവനവും ശുശ്രൂഷയും ചെയ്യുന്ന വൈദികരെയും ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായ ആരാധനാലയങ്ങളേയും വിശ്വാസി സമൂഹം സംരക്ഷിക്കും"- വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

സി ബി സി ഐ ലൈറ്റി കമ്മീഷൻ സെക്രട്ടറി സീറോ മലബാർ അല്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, പ്രോലൈഫ് സെക്രെട്ടറി സാബു ജോസ്, കാസ, കെ സി വൈ എം, കാത്തോലിക് കോൺഗ്രസ്സ്, കാത്തോലിക് ഫോറം എന്നിവരും സംഭവത്തിൽ പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നു. 

പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാദർ ജോസഫ് ആറ്റുചാലിനെതിരെ നടന്ന ആക്രമണം പ്രതിഷേധാർഹമാണെന്ന് കോട്ടയം എംപി തോമസ് ചാഴിക്കാടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പള്ളി കോമ്പൗണ്ടില്‍ കയറി ആസൂത്രിതമായി ബഹളമുണ്ടാക്കുകയും അസിസ്റ്റന്റ് വികാരി ആറ്റു ചാലിലിനെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയും ചെയ്ത സാമൂഹ്യവിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കേരള കോൺ​ഗ്രസ് നേതാവ് ജോസ് കെ മാണി പറഞ്ഞു. വൈദികനെ ആക്രമിച്ചതില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഷോണ്‍ ജോർജ്ജ് ആവശ്യപ്പെട്ടു. ചോദിക്കാനും പറയാനും ആരുമില്ലാ എന്ന് കരുതരുതെന്നും ഷോണ്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.