തിരുവനന്തപുരം: വീട്ടില്‍ പ്രസവത്തിന് ശ്രമിച്ച യുവതിയും കുഞ്ഞും മരിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് നയാസിന്റെ ആദ്യ ഭാര്യ റജീനയെ പ്രതിചേര്‍ത്തു. ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം, മനപൂര്‍വമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങളാണ് ആദ്യ ഭാര്യയ്ക്കെതിരെ ചുമത്തിയത്. വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തിയിട്ടുണ്ട്.
കേസിലെ രണ്ടാം പ്രതിയായ ഇവര്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നയാസിന്റെ രണ്ടാം ഭാര്യയാണ് പാലക്കാട് സ്വദേശിനിയായ ഷമീറ ബീവി.
ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആധുനിക ചികിത്സ സ്വീകരിക്കാതെ അക്യുപങ്ചര്‍ ചികിത്സ തേടിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നയാസിന്റെ ആദ്യ ഭാര്യയുടെ മകള്‍ അക്യുപങ്ചര്‍ ചികിത്സ പഠിക്കുന്നുണ്ട്. ഷമീറ ബീവിയുടെ പ്രസവ സമയത്ത് ഈ മകളും സംഭവ സ്ഥലത്തുണ്ടായിരുന്നതായാണ് സൂചന.
ആദ്യത്തെ പ്രസവങ്ങള്‍ സിസേറിയന്‍ ആയതിനാല്‍ പല തവണ അപകട മുന്നറിയിപ്പ് നല്‍കിയിട്ടും നയാസ് ഗൗനിച്ചില്ലെന്നാണ് വാര്‍ഡ് കൗണ്‍സിലറായ ദീപികയും വെളിപ്പെടുത്തിയിരുന്നു.