മഴ കനിഞ്ഞില്ലെങ്കില്‍ ഏപ്രിലോടെ കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ച; ഗുരുതര മുന്നറിയിപ്പ്

മഴ കനിഞ്ഞില്ലെങ്കില്‍ ഏപ്രിലോടെ കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ച; ഗുരുതര മുന്നറിയിപ്പ്

തിരുവനന്തപുരം: കുംഭ മാസം തുടങ്ങിയപ്പോള്‍ തന്നെ ചൂട് കൂടിയതോടെ കുടിവെള്ളം പോലും മുട്ടുന്ന തരത്തില്‍ ഭൂഗര്‍ഭ ജലവിതാനം താഴുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ ഏപ്രിലോടെ കേരളം വരള്‍ച്ചയുടെ പിടിയിലാവുമെന്നാണ് മുന്നറിയിപ്പ്. 2022 ല്‍ ഭൂജലവിതാനം 13 അടി ആയിരുന്നത് ഇപ്പോള്‍ പത്തിന് താഴെയാണ്.

സംസ്ഥാനത്താകെയുള്ള 152 ബ്ലോക്കുകളില്‍ ജലവിതാനം മാനദണ്ഡമാക്കി കേന്ദ്ര ഭൂജല ബോര്‍ഡും സംസ്ഥാന ഭൂജല വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ അതീവ ഗുരുതര വിഭാഗത്തില്‍ മൂന്ന് ബ്ലോക്കുകളുണ്ട്. കാസര്‍കോട്, ചിറ്റൂര്‍, മലമ്പുഴ എന്നിവയാണവ.

ഭാഗിക ഗുരുതര വിഭാഗത്തില്‍ 30 ബ്ലോക്കുകളുണ്ട്. അതില്‍ എട്ടും മലപ്പുറത്താണ്. മലപ്പുറം, കൊണ്ടോട്ടി, കുറ്റിപ്പുറം, തിരൂരങ്ങാടി, തിരൂര്‍, വേങ്ങര, താനൂര്‍, മങ്കട എന്നിവയാണ് ഭാഗിക ഗുരുതര വിഭാഗത്തില്‍പ്പെട്ടത്.

മലപ്പുറത്തെ അരീക്കോട്, കാളികാവ്, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, പെരുമ്പടപ്പ്, പൊന്നാനി, വണ്ടൂര്‍ ബ്ലോക്കുകള്‍ സുരക്ഷിത വിഭാഗത്തിലുമാണ്. തലസ്ഥാന ജില്ലയില്‍ ആറ് താലൂക്കിലും ഭൂഗര്‍ഭജലം വലിയതോതില്‍ കുറഞ്ഞു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട് സുരക്ഷിത ജില്ലകള്‍. ജല സ്രോതസുകളിലും കുളങ്ങളിലും സര്‍വേ നടത്തി ഭൂജല റീചാര്‍ജിങിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് പോംവഴിയെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കൂടാതെ ഭൂജലത്തിന്റെ അമിത ചൂഷണം തടയാന്‍ പൊതുജനങ്ങളെ ബോധവത്കരിക്കുകയും വേണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.