തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കെതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ധാതു മണല്‍ ഖനനത്തിന് സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എല്‍ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
എന്നാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സ് നിലപാട്. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ തീരുമാനം വിജിലന്‍സിന്റെ പരിധിയില്‍ പരിശോധിക്കാനാകില്ലെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി, മകള്‍ അടക്കം ഏഴ് പേര്‍ക്കെതിരെയാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഫെബ്രുവരി 29 നാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കോടതി ആവശ്യം തള്ളി. പിന്നീട് സര്‍ക്കാര്‍ അഭിഭാഷകന് ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ 15 ദിവസം സമയം അനുവദിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ തുടര്‍ നടപടിയില്ലാത്ത സാഹചര്യത്തിലാണ് മാത്യൂ കുഴല്‍നാടന്‍ കോടതിയെ സമീപിച്ചത്. സിഎംആര്‍എല്‍ കമ്പനിക്ക് യഥേഷ്ടം കരിമണല്‍ ലഭിക്കാന്‍ വഴി ഒരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ 2018 ല്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമാണെന്ന് മാത്യു കുഴല്‍ നാടന്‍ ആരോപിച്ചിരുന്നു. കൊല്ലം തോട്ടപ്പള്ളിയിലെ കരിമണല്‍ സിഎംആര്‍എല്ലിന് ലഭിക്കുന്നത് ഈ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.
മാസപ്പടിക്ക് കാരണമായ സേവനം ഇതാണെന്നും മാത്യൂ കുഴല്‍നാടന്‍ വ്യക്തമാക്കുന്നു. വര്‍ഷങ്ങളോളം സിഎംആര്‍എല്ലിന് മണല്‍ ഖനനം ചെയ്യാന്‍ എല്ലാ നിയമങ്ങളും മാറ്റിയെന്നും കുഴല്‍ നാടന്‍ ആരോപിച്ചിരുന്നു.