കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെടുക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുരുഷ രക്ഷാ പ്രവര്‍ത്തകര്‍ സ്ത്രീകളെ തൊടുന്നതിന് താലിബാന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയതിനാലാണിത്.
താലിബാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന കര്‍ശന മതനിയമങ്ങള്‍ പ്രകാരം ഒരു സ്ത്രീയുടെ അടുത്ത പുരുഷ ബന്ധുവിന് (അച്ഛന്‍, സഹോദരന്‍, ഭര്‍ത്താവ്, മകന്‍ എന്നിവര്‍ക്ക്) മാത്രമേ അവരെ സ്പര്‍ശിക്കാന്‍ അനുവാദമുള്ളൂ.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വനിതകളുടെ അഭാവം മൂലം തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ നിരവധി സ്ത്രീകളെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വനിതാ ഡോക്ടര്‍മാരും നഴ്‌സുമാരും ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് വേണ്ട ചികിത്സയും ലഭിക്കുന്നില്ല.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി ജീവനുവേണ്ടി യാചിക്കുന്ന സ്ത്രീകളെ ഉപേക്ഷിക്കേണ്ടി വരുന്നു എന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്. സ്ത്രീകളും പെണ്‍കുട്ടികളും സഹായം അഭ്യര്‍ത്ഥിച്ച് ദയനീയമായി യാചിച്ചാലും അങ്ങോട്ട് നോക്കാതെ പോകാന്‍ മാത്രമേ കഴിയൂ എന്നാണ് രക്ഷാ പ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞത്.
ശരീരത്തില്‍ സ്പര്‍ശിക്കാതെ സ്ത്രീകളുടെ വസ്ത്രത്തില്‍ പിടിച്ചു വലിച്ച് പുറത്തെടുക്കാന്‍ ചിലപ്പോഴൊക്കെ ശ്രമിച്ചെങ്കിലും അതും വിജയിക്കാറില്ലെന്ന് മറ്റൊരു രക്ഷാ പ്രവര്‍ത്തകന്‍ വ്യക്തമാക്കി. അടുത്ത പുരുഷ ബന്ധുക്കളാരും ഇല്ലെങ്കില്‍ ശാരീരിക സമ്പര്‍ക്കം ഒഴിവാക്കാന്‍ മരിച്ചവരെ വസ്ത്രത്തില്‍ പിടിച്ചുവലിച്ചാണ് പുറത്തെടുക്കുന്നതെന്നും അയാള്‍ പറഞ്ഞു.
ഭൂകമ്പം ബാധിക്കാത്ത പ്രദേശങ്ങളില്‍ നിന്ന് ചില സ്ത്രീകള്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നുണ്ട്. പക്ഷേ, പുരുഷ രക്ഷാപ്രവര്‍ത്തകര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രമേ ഇവര്‍ എത്തുകയുള്ളൂ. അവസ്ഥ അതി ദയനീയമാണെങ്കിലും നിയമത്തില്‍ അല്‍പം പോലും ഇളവ് വരുത്താന്‍ താലിബാന്‍ ഇപ്പോഴും തയ്യാറാകുന്നില്ല.
ഗുരുതരമായി പരിക്കേറ്റ സ്ത്രീകളെ ആശുപത്രിയിലെത്തിച്ചാലും സ്ഥിതി ദയനീയമാണ്. പുരുഷന്മാരായ ഡോക്ടര്‍മാരോ നഴ്‌സുമാരോ ഇവരെ ചികിത്സിക്കാന്‍ തയ്യാറാവുന്നില്ല. അങ്ങനെ ചെയ്താലുള്ള കഠിന ശിക്ഷ ഭയന്നാണിത്.
മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നുകൊണ്ടിരുന്നാലും സ്ത്രീകളെ ആരും തിരിഞ്ഞു നോക്കാറില്ല. അഫ്ഗാനെ നടുക്കിയ ഭൂകമ്പത്തില്‍ 3,000 പേര്‍ മരിക്കുകയും ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴകുയും ചെയ്തിരുന്നു.