കണ്ണൂര്‍: കോഴ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ആത്മഹത്യ ചെയ്ത കണ്ണൂര്‍ സ്വദേശി പി.എന്‍ ഷാജിയുടെ മരണത്തിന് കാരണക്കാര്‍ എസ്എഫ്ഐ ആണെന്ന് കെപിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ. സുധാകരന്‍. കേരള സര്‍വകലാശാല കലോത്സവത്തില്‍ എസ്എഫ്ഐ ആവശ്യപ്പെട്ട ആളുകള്‍ക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നല്‍കാത്തതിന് അവര്‍ ഉണ്ടാക്കിയ പരാതിയാണ് ഷാജിയുടെ മരണത്തിന് കാരണമെന്ന് സുധാകരന്‍ പറഞ്ഞു.
ഷാജിയുടെ കണ്ണൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം. ആ പാവം മനുഷ്യന്റെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ ആണ്. യൂണിവേഴ്സിറ്റി കലോത്സവത്തില്‍ അവര്‍ പറഞ്ഞ ആളുകള്‍ക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇദേഹം അതു നിഷേധിച്ചുവെന്നാണ് പറയുന്നത്. താന്‍ അദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന അധ്യാപകരെ വിളിച്ചു. ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു മാത്രമല്ല, നിഷ്പക്ഷമായി പെരുമാറുന്നയാളാണ് ഷാജിയെന്ന് അവരും പറഞ്ഞതായി അദേഹം വ്യക്തമാക്കി.
അദേഹത്തെക്കുറിച്ച് ഇതുവരെ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നാണ് പറഞ്ഞത്. ഈ പരാതി എസ്എഫ്ഐക്കാര്‍ ഉണ്ടാക്കിയതാണെന്ന് സുധാകന്‍ ആരോപിച്ചു.
ഇന്നലെ വൈകിട്ടാണു ഷാജിയെ കണ്ണൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് പന്ത്രണ്ടോടെ ഷാജിയുടെ മൃതദേഹം വീട്ടിലെത്തിക്കും. തുടര്‍ന്ന് പയ്യാമ്പലത്ത് സംസ്‌കാരം നടക്കും.