കോട്ടയം : എസ്.ബി.കോളജ് പൂർവ വിദ്യാർത്ഥി ആഗോള മഹാ സമ്മേളനം 26ന് ചങ്ങനാശേരി: എസ്.ബി. കോളജ് പൂർവ വിദ്യാർത്ഥി ആഗോള മഹാ സമ്മേളനം 26 ന് വൈകുന്നേരം ആറു മണിക്ക് നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
അലുംമിനൈ അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം.മാത്യു അധ്യക്ഷത വഹിക്കും. തിരുവല്ല അതിരൂപത മെത്രാപ്പൊലീത്ത ഡോ.തോമസ് മാർ കൂറീലോസ് മുഖ്യപ്രഭാഷണം നടത്തും. സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ബംഗ്ളാദേശിലെ അപ്പസ്തോലിക് നൂൺ ഷ്യോ ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി, അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
നിയമസഭ സാമാജികത്വത്തിന്റെ 50 വർഷം പിന്നിട്ട പൂർവ വിദ്യാർത്ഥിയായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വേദിയിൽ ആദരിക്കും. കോളജിൽ നിന്ന് റിട്ടയർ ചെയ്യുന്നവരെ മാനേജർ റവ.ഡോ.തോമസ് പാടിയത്ത് ആദരിക്കും. വിവിധ മേഖലകളിൽ മികവു തെളിയിച്ച പൂർവ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കുന്നതാണ്. പ്രിൻസിപ്പൽ ഡോ. ജേക്കബ് മാത്യു എം. സ്കോളർഷിപ്പുകളുടെ വിതരണോദ്ഘാടനം നിർവഹിക്കും.
ആഗോള പൂർവ വിദ്യാർത്ഥി മഹാ സമ്മേളനം http://youtu.be/tcwFvrQH2vA എന്ന ലിങ്കിലൂടെ തൽസമയം വീക്ഷിക്കുവാൻ സാധിക്കുന്നതാണ് .