തിരുവനന്തപുരം: കാട്ടാന ശല്യം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് ആശ്വാസമായി മറ്റൊരു പരീക്ഷണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കാട്ടാനകളെ അകറ്റാന്‍ വനാതിര്‍ത്തികളില്‍ പ്രത്യേക തരം തേനീച്ചയെ വളര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദേഹം ഇങ്ങനെയൊരു നിര്‍ദേശം വെളിപ്പെടുത്തിയത്.
കരടികള്‍ ഇല്ലാത്ത മേഖലകളിലാകും തേനീച്ചകളെ വളര്‍ത്തുകയെന്നും മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ വന്യമൃഗങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് സര്‍ക്കിള്‍, ഡിവിഷന്‍ തലത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളും രൂപീകരിച്ചു.
കൂടാതെ വയനാട് മേഖലയിലെ തോട്ടങ്ങളില്‍ അടിക്കാടുകള്‍ നീക്കം ചെയ്യുന്നുണ്ട്. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കാന്‍ കുളങ്ങളും വാട്ടര്‍ ടാങ്കുകളും നിര്‍മ്മിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി 64 പമ്പ് ആക്ഷന്‍ തോക്കുകള്‍ ഉള്‍പ്പടെ കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് തീരുമാനമായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.