തിരുവനന്തപുരം: ജെസ്ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം നല്‍കിയ തടസ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ജനുവരിയില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിനെതിരെയായിരുന്നു ഹര്‍ജി.
അന്വേഷണം തുടരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസ് ഈ മാസം 26 ന് തിരുവനന്തപുരം സി.ജെ.എം കോടതി വീണ്ടും പരിഗണിക്കും.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നാണ് സിബിഐ അറിയിച്ചിരുന്നത്.
പെണ്‍കുട്ടി മരിച്ചുവെന്നതിനോ എവിടെയാണെന്നതിനോ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഏജന്‍സി ഇതിനു കാരണമായി പറഞ്ഞത്. കോടതി ക്ലോഷര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അന്വേഷണം അവസാനിപ്പിക്കും.
എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ കോടതി കുടുംബത്തിന്റെ അഭിപ്രായം ആരാഞ്ഞപ്പോള്‍ ജെസ്നയുടെ പിതാവ് ജെയിംസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ തടസ ഹര്‍ജി നല്‍കി.
ആ ദിവസം ജഡ്ജി അവധിയായതിനാല്‍ കോടതി വാദം കേട്ടില്ല. തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 26 ന് തടസ ഹര്‍ജിയില്‍ നടക്കുന്ന വാദത്തില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനണ്ടായ സാഹചര്യം സിബിഐ വിശദീകരിക്കും.