പത്തനംതിട്ട: കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും പത്തനംതിട്ടയിലെ പ്രചാരണ പരിപാടിയില്‍ അദേഹം പറഞ്ഞു.
ഇത്തവണ നാന്നൂറിലധികം സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തിലെത്തും. യുവത്വത്തിന്റെ പ്രതീകമാണ് അനില്‍ അന്റണി. കേരളത്തിന്റെ നവീകരണത്തിന് അനില്‍ ആന്റണിയുടെ വിജയം ആവശ്യമാണെന്ന് മോഡി പറഞ്ഞു.
അഴിമതി നിറഞ്ഞ സര്‍ക്കാരുകളാണ് കേരളത്തില്‍ മാറി മാറി വരുന്നത്. അതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം വലുതാണ്. സംസ്ഥാനത്ത് ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ പോലും മര്‍ദനത്തിന് ഇരയാകുന്നു.
മഹിളകളും യുവാക്കളും എല്ലാവരും ഭയപ്പെട്ടാണ് ജീവിക്കുന്നത്. സര്‍ക്കാര്‍ ആലസ്യത്തില്‍ ഉറങ്ങുകയാണ്. ഇതിന് മാറ്റം അനിവാര്യമാണ്. എല്‍ഡിഎഫ്-യുഡിഎഫ് എന്നത് മാറിയാല്‍ മാത്രമേ കേരളത്തിന് മോചനം ഉണ്ടാകുകയുള്ളവെന്നും മോഡി പറഞ്ഞു.
സംസ്ഥാനത്ത് നിയമ വ്യവസ്ഥ തകര്‍ന്നതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അധികാരത്തില്‍ വരാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണ് ഇവിടുത്തേത്. ഇവിടെ പരസ്പരം പോരടിക്കും. ഡല്‍ഹിയിലെത്തിയാല്‍ അവര്‍ ഒന്നാണ്. ഇവര്‍ എന്തുമാത്രം നഷ്്ടമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്.
ഇവരെ ഒരു തവണ അധികാരത്തില്‍ നിന്ന് പുറത്താക്കിയാല്‍ ഒരിക്കല്‍ പോലും തിരിച്ചെത്തില്ല. തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പട്ട ശേഷം അവര്‍ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല. ഉത്തര്‍പ്രദേശിലും ബംഗാളിലും ഗുജറാത്തിലും ഒഡീഷയിലും അധികാരം നഷ്ടമായ ശേഷം അവര്‍ തിരിച്ചെത്തിയിട്ടില്ല. കമ്യൂണിസ്റ്റു പാര്‍ട്ടിയെ ബംഗാളും ത്രിപുരയും തൂത്തെറിഞ്ഞു.
കാലഹരണപ്പെട്ട ആശയം വച്ച് മുന്നോട്ടു പോകുന്നവരാണ് കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. പാര്‍ലമെന്റില്‍ പുരോഗമനാശയങ്ങളെ ഇരുവരും എതിര്‍ക്കുകയായിരുന്നുവെന്നും മോഡി പറഞ്ഞു.