കയറ്റുമതിക്ക് അഞ്ച് രൂപ ഇന്‍സെന്റീവ്; റബര്‍ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസമായി കേന്ദ്ര പ്രഖ്യാപനം

കയറ്റുമതിക്ക് അഞ്ച് രൂപ ഇന്‍സെന്റീവ്; റബര്‍ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസമായി കേന്ദ്ര പ്രഖ്യാപനം

കോട്ടയം: റബര്‍ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍. ഒരു കിലോ റബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് അഞ്ച് രൂപ ഇന്‍സെന്റീവ് ലഭിക്കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം.

ഇത് രാജ്യത്ത് ചെറിയ തോതിലെങ്കിലും റബര്‍ വില വര്‍ധനവിന് വഴിയൊരുക്കിയേക്കും എന്നതാണ് കര്‍ഷകര്‍ക്കുള്ള ആശ്വാസം. കോട്ടയത്ത് ചേര്‍ന്ന റബര്‍ ബോര്‍ഡ് മീറ്റിങിലാണ് തീരുമാനം അറിയിച്ചത്.

ഷീറ്റ് റബ്ബറിനാണ് കിലോയ്ക്ക് അഞ്ച് രൂപ ഇന്‍സന്റ്‌റീവ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 ടണ്‍ വരെ കയറ്റുമതി ചെയ്യുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപാ ഇന്‍സന്റീവ് ലഭിക്കും. ജൂണ്‍ മാസം വരെയാണ് ഷീറ്റ് റബറിന് കിലോയ്ക്ക് അഞ്ച് രൂപ ഇന്‍സന്റീവ് പ്രഖ്യാപിച്ചത്.

ആര്‍എസ്എസ് 1 മുതല്‍ ആര്‍എസ്എസ് 4 വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍സെന്റീവ് ലഭിക്കും. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

തീരുമാനം കയറ്റുമതിക്കാരെ റബര്‍ ബോര്‍ഡ് അറിയിച്ചു. കോട്ടയത്ത് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ കയറ്റുമതിക്കാരുമായും ഡീലേഴ്‌സുമായും റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ഉല്‍പ്പാദനം കുറയുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് കയറ്റുമതിക്കാര്‍ പറഞ്ഞു.

റബറിനെ കാര്‍ഷിക ഉല്‍പ്പന്നമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറുമെന്നും റബര്‍ ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.