ഡോ. ഷഹ്നയുടെ ആത്മഹത്യ: ഡോ. റുവൈസിനെതിരായ അച്ചടക്ക നടപടി തുടരും; തുടര്‍ പഠനം തടഞ്ഞ് ഹൈക്കോടതി

ഡോ. ഷഹ്നയുടെ ആത്മഹത്യ: ഡോ. റുവൈസിനെതിരായ അച്ചടക്ക നടപടി തുടരും; തുടര്‍ പഠനം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി ജി വിദ്യാര്‍ത്ഥിനി ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഡോ. റുവൈസിന് തിരിച്ചടി. റുവൈസിന് പഠനം തുടരാമന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. റുവൈസിനെതിരായ അച്ചടക്ക നടപടി തുടരാമെന്ന് കോടതി വ്യക്തമാക്കി.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. റുവൈസിന്റെ സസ്പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടാനായിരുന്നു മെഡിക്കല്‍ കോളജ് അധികൃതരുടെ തീരുമാനം. ഇക്കാര്യം പരിശോധിക്കാനായി സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

ഈ കമ്മിറ്റി ഒരാഴ്ചയ്ക്കകം അച്ചടക്ക നടപടി പുനപരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇതിന് ശേഷം വീണ്ടും സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

റുവൈസിന്റെ പി ജി പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാല ഉത്തരവ് റദ്ദ് ചെയ്തുകൊണ്ടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഒരാഴ്ചയ്ക്കകം പുനപ്രവേശനം നല്‍കണമെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കോളജ് അധികൃതര്‍ ശ്രദ്ധിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനാണ് ഷഹ്നയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വിവാഹത്തിനായി റുവൈസിന്റെ കുടുംബം വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതന്നായിരുന്നു കുടുംബത്തിന്റെ പരാതി. അന്വേഷണത്തില്‍ റുവൈസ് കുറ്റക്കാരനെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.