സര്‍ക്കാര്‍ സഹായം ഉറപ്പാക്കും; അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നല്‍കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സര്‍ക്കാര്‍ സഹായം ഉറപ്പാക്കും; അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നല്‍കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. വിഴിഞ്ഞത്ത് അനന്തുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബിഡിഎസ് വിദ്യാര്‍ത്ഥിയായ അനന്തു കുടുംബത്തിന്റെ പ്രതീക്ഷയാണ്. അതുകൂടി പരിഗണിച്ചു കൊണ്ടാകണം അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഒരു കുട്ടിയുടെ കാലു മുറിക്കുന്ന സംഭവം അടക്കം ഇത്തരത്തില്‍ നിരവധി വിഷയങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ല. വിഴിഞ്ഞം തുറമുഖ നിര്‍മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ജനങ്ങളുടെ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ല. ഉയര്‍ന്നു വന്ന വിഷയങ്ങളെല്ലാം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.