പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് കെഎസ്ഇബി; ട്രാവന്‍കൂര്‍ സിമന്റ്സിന്റെ ഫ്യൂസും ഊരി

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് കെഎസ്ഇബി; ട്രാവന്‍കൂര്‍ സിമന്റ്സിന്റെ ഫ്യൂസും ഊരി

കോട്ടയം: വൈദ്യുതി ബില്ലില്‍ കുടിശിക വരുത്തിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നടപടി കര്‍ശനമാക്കി കെഎസ്ഇബി. കോട്ടയത്ത് ബില്ലില്‍ കുടിശിക വരുത്തിയ പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ സിമന്റ്സിന്റെ ഫ്യൂസ് കെഎസ്ഇബി വിച്ഛേദിച്ചു.

കുടിശിക ഇനത്തില്‍ കെഎസ്ഇബിയ്ക്ക് രണ്ട് കോടി രൂപ ലഭിക്കാനുണ്ട്. ഇതേ തുടര്‍ന്നാണ് കടുത്ത നടപടിയുമായി കെഎസ്ഇബി രംഗത്തെത്തിയത്. സംസ്ഥാനത്ത് വേനല്‍ക്കാലം ആരംഭിച്ചതോടെ വൈദ്യുതി ഉപയോഗം വര്‍ധിച്ചിട്ടുണ്ട്.

ഇതോടെ കെഎസ്ഇബിയുടെ ചെലവും ഉയരുകയാണ്. ഇതേ തുടര്‍ന്നാണ് കുടിശിക വരുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി കടുപ്പിക്കുന്നത്.

പത്തനംതിട്ട ജില്ലയിലും കെഎസ്ഇബി സമാന നടപടിയെടുത്തിരുന്നു. ബില്ലില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് റാന്നി ഡിഎഫ്ഒ ഓഫീസില്‍ ഉള്‍പ്പെടെ കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചിരുന്നു. നേരത്തെ എറണാകുളം കളക്ടറേറ്റിലെ ഫ്യൂസും കെഎസ്ഇബി ഊരിയിരുന്നു. തുടര്‍ന്ന് കുടിശിക അടയ്ക്കാമെന്ന കളക്ടറുടെ ഉറപ്പിലാണ് വൈദ്യുതി പുനസ്ഥാപിച്ചത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.