''ജീര്‍ണിച്ച മനസുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും'': സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആര്‍എല്‍വി രാമകൃഷ്ണന്‍

''ജീര്‍ണിച്ച മനസുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും'': സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആര്‍എല്‍വി രാമകൃഷ്ണന്‍

തൃശൂര്‍: കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. പട്ടിക ജാതി കലാകാരന് നൃത്ത രംഗത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ജീര്‍ണിച്ച മനസുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അദേഹം പറഞ്ഞു.

സംഭവം വിവാദമായതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാമകൃഷ്ണന്‍.

ഇതിന് മുമ്പും ഇത്തരത്തില്‍ ഒരു പ്രശ്‌നമുണ്ടായിരുന്നു. അതിനെതിരെ അന്ന് നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ആ കേസ് കോടതിയിലാണ്. അകാരണമായാണ് ഇപ്പോള്‍ ഇങ്ങനെയൊരു ആരോപണം എനിക്കെതിരെ ഉണ്ടായത്. തന്റെ പേര് പറഞ്ഞില്ലെങ്കിലും തന്നെ ഉദേശിച്ചാണ് പറയുന്നതെന്ന് വ്യക്തമാണ്. കാരണം, ചാലക്കുടിക്കാരനായ നൃത്ത അധ്യാപകന്‍, കെപിഎസി ലളിതയുമായി വാഗ്വാദം നടത്തിയിട്ടുള്ള കലാകാരന്‍, മോഹിനിയാട്ട കലാകാരന്‍ ആ പറയുന്നതില്‍ നിന്നൊക്കെ താന്‍ തന്നെയാണെന്ന് കൃത്യമായി മനസിലാകുമെന്നും അദേഹം പറഞ്ഞു.

അമ്മക്ക് പോലും സഹിക്കാനാകില്ല എന്ന് പറഞ്ഞ് തന്റെ അമ്മയെ പോലും അവര്‍ ഇതിലേക്ക് വലിച്ചിഴച്ചു. വളരെ മോശമായുള്ള കാര്യമാണിത്. കറുത്ത വര്‍ഗക്കാരായ കലാകാരന്മാര്‍ക്കെതിരെയുള്ള വളരെ മ്ലേച്ഛമായ പരാമര്‍ശമാണിത്. കാക്കയെ പോലെ എന്ന് പറയുമ്പോള്‍ തന്നെ അത്രയും നികൃഷ്ട ജീവിയെന്നാണ് അവര്‍ പറയുന്നത്. സൗന്ദര്യമില്ലാത്ത ആരും ഇത് ചെയ്യാന്‍ പാടില്ലെന്ന് പറയുന്നു. ഇത് കലാരംഗത്തേക്ക് കടന്നു വരുന്ന കറുത്ത നിറമുള്ള കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന തരത്തിലുള്ള വാചകങ്ങളാണെന്നും രാമകൃഷ്ണന്‍ പ്രതികരിച്ചു.

നിയമപരമായി തന്നെ ഇതിനെ നേരിടും. ഇനി ഒരിക്കലും കറുത്ത വര്‍ഗക്കാര്‍ക്കെതിരെ ഇത്തരത്തില്‍ ഒരാളും ശബ്ദമുയര്‍ത്താന്‍ പാടില്ല. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഇതിന് നിയമ വകുപ്പുകളുണ്ട്. എനിക്ക് വിദ്യാഭ്യാസം ഇല്ലെന്നുള്‍പ്പെടെ പറഞ്ഞ് വളരെ ഇകഴ്ത്തിയാണ് അവര്‍ സംസാരിക്കുന്നത്.

നിയമവിധേയമാക്കേണ്ട വസ്തുതയാണിത്. ഇനി ഒരിക്കലും ഒരു കറുത്ത വര്‍ഗക്കാരനും ഇതുപോലൊരു അവസ്ഥ ഉണ്ടാകരുത്. ഇത് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.