'ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ക്ക് ലോക്സഭാ തിരെഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കും': സീറോ മലബാര്‍സഭ അല്‍മായ ഫോറം

 'ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ക്ക് ലോക്സഭാ തിരെഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കും': സീറോ മലബാര്‍സഭ അല്‍മായ ഫോറം

കൊച്ചി: പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന തോമസ് ഐസക്കിന്റെ പ്രസ്താവന പുച്ഛത്തോടെ തള്ളുന്നുവെന്ന് സീറോ മലബാര്‍സഭ അല്‍മായ ഫോറം. ക്രൈസ്തവരെ തകര്‍ക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. കേരളത്തില്‍ നിരീശ്വര വാദം വളര്‍ത്തിയെടുക്കാനും ക്രൈസ്തവ വിശ്വാസികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി ആത്മീയ നേതൃത്വത്തിനെതിരെ അവരെ തിരിച്ചു വിടുവാനുള്ള ശ്രമങ്ങള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിതമായി നടക്കുന്നുണ്ടെന്നും അല്‍മായ ഫോറം കുറ്റപ്പെടുത്തി.

ജെ എന്‍. യുവില്‍ നിന്നും ഡോക്ടറേറ്റ് എടുത്തതിന്റെ പേരില്‍ സാമ്പത്തിക വിദഗ്ദ്ധ പട്ടം കിട്ടിയ തോമസ് ഐസക്കിന്റെ ഇത്തരം പ്രസ്താവനകള്‍ ക്രൈസ്തവ സമൂഹത്തെ വേദനിപ്പിക്കുന്നു.പൂഞ്ഞാറില്‍ വൈദികനെതിരെ നടന്ന ആക്രമണങ്ങളെ നിസാരവല്‍ക്കരിച്ച ഇത്തരം വാക്കുകളെ ക്രൈസ്തവര്‍ തിരിച്ചറിയണം.
മാര്‍ക്സിസത്തിനു പകരം നാലാം ലോക രാഷ്ട്രീയം പകരം വെക്കാന്‍ തോമസ് ഐസക് ശ്രമിച്ചു. ഇന്ന് കേരള സംസ്ഥാനം നേരിടുന്ന ധനപ്രതിസന്ധിയുടെ പ്രധാന കാരണം ഇദേഹത്തിന്റെ കാലഘട്ടത്തില്‍ വരുത്തിവച്ച ദുരന്തങ്ങളാണ്. ഉട്ടോപ്യന്‍ ആശയങ്ങള്‍ അവതരിപ്പിച്ച് കൈയടി നേടുന്ന സ്വയം പ്രഖ്യാപിത ധനകാര്യ വിദഗ്ധന്‍ എന്നതിനപ്പുറം ഒന്നുമല്ലെന്ന് അദേഹം വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

മാര്‍ക്‌സിസം അല്‍പമെങ്കിലും ശാസ്ത്രീയമായിരുന്നെങ്കില്‍ സ്വര്‍ഗം വാഗ്ദാനം ചെയ്ത് അവര്‍ ഭരിച്ച എല്ലായിടത്തും എന്തുകൊണ്ടാണ് നരകങ്ങള്‍ മാത്രം സൃഷ്ടിക്കപ്പെട്ടത് എന്ന് മാര്‍ക്‌സിസ്റ്റുകള്‍ സ്വയം ചിന്തിക്കണം. സ്വന്തം വാല് വായിലിട്ട് തിന്നുന്ന പാമ്പിനെ പോലെയാണ് ഇപ്പോള്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റുകള്‍. കമ്മ്യൂണിസത്തിന്റെ ലക്ഷ്യം ക്രൈസ്തവ സഭകളെ തകര്‍ക്കുക എന്നതാണ്. കേരളത്തിലെ സ്‌കൂളുകളും കോളജുകളും രാഷ്ട്രീയവല്‍ക്കരിച്ച് വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചക്ക് വഴിയൊരുക്കിയതും ഈ കമ്മ്യൂണിസ്റ്റുകള്‍ തന്നെയല്ലെയെന്നും അല്‍മായ ഫോറം ചോദിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിയെ ദശാബ്ദങ്ങള്‍ പിന്നിലാക്കിയതിന്റെ ഉത്തരവാദിത്തം കമ്മ്യൂണിസ്റ്റുകള്‍ക്ക് തന്നെയാണെന്ന് തോമസ് ഐസക്കിന്റെ നിരുത്തരവാദിത്വപരമായ പ്രസ്താവനകള്‍ തെളിയിക്കുന്നു.

കമ്യൂണിസ്റ്റുകാരുടെ കാപട്യത്തിന്റെ അവസാന രൂപമാണ് ഈ നാളുകളില്‍ കേരള ജനത കണ്ടുകൊണ്ടിരിക്കുന്നത്. എസ്എഫ്‌ഐയുടെ ഭീകരമായ പീഢനങ്ങള്‍ യുവജനങ്ങളെ കലാലയങ്ങളില്‍ നിന്ന് അകറ്റുന്ന കാഴ്ച നാം കണ്ടു സ്വതന്ത്രമായി ചിന്തിക്കാന്‍ മനുഷ്യന് അവകാശമുള്ള ഒരിടത്തും ഈ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലവിലില്ല. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പതനത്തിന് (1959) പിന്നില്‍ വിമോചന സമരത്തെ പിന്തുണച്ച ക്രൈസ്തവ സഭകളാണ് എന്നത് ഓര്‍മ്മയിലിരിക്കട്ടെ.
ഇടതുപക്ഷ പ്രസ്ഥാനം വളര്‍ത്തിയെടുത്ത ബൗദ്ധിക സാംസ്‌കാരിക മേഖലകളില്‍ ക്രൈസ്തവ വിരോധം ഇന്നും ശക്തമായി തുടരുന്നുണ്ടെന്നുള്ളത് തെളിവായി ഇത്തരം പ്രസ്തവനകളെ അല്‍മായ ഫോറം കാണുന്നു. തെറ്റിനെ ശരിയാക്കാന്‍ നടത്തുന്ന ഇത്തരം മാര്‍ക്സിസ്റ്റ് തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ട് ഇരുപതു ലോക്സഭാ മണ്ഡലങ്ങളിലും യഥാവിധം പ്രതികരിക്കാന്‍ ക്രൈസ്തവര്‍ മുന്നോട്ടു വരണമെന്നും അല്‍മായ ഫോറം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.