പത്തനംതിട്ട: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ പത്തനംതിട്ട മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തോമസ് ഐസക്കിനെതിരായ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതിയില്‍ തിരഞ്ഞെടുപ്പ് വരണാധികാരിയായ പത്തനംതിട്ട ജില്ലാ കളക്ടറാണ് വിശദീകരണം തേടിയത്.
മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് തോമസ് ഐസക്കിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുടുംബശ്രീ വഴിയുള്ള വായ്പ വാഗ്ദാനം, കെ. ഡിസ്‌ക് വഴി തൊഴില്‍ദാന പദ്ധതി എന്നിവയെ കുറിച്ചുള്ള തോമസ് ഐസക്കിന്റെ പ്രചാരണങ്ങളിലാണ് പരാതിയുമായി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പരാതിയിന്മേല്‍ ജില്ലാ കളക്ടര്‍ വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ പ്രതികരിച്ചു.
തോമസ് ഐസക്കിന്റെ പ്രഖ്യാപനങ്ങളില്‍ പരാതിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടര്‍ക്കുമാണ് യുഡിഎഫ് പരാതി നല്‍കിയിരുന്നത്. ഈ പരാതിയിലാണിപ്പോള്‍ ജില്ലാ കളക്ടര്‍ വിശദീകരണം തേടിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പ്രധാനമായും പരാതിയില്‍ യുഡിഎഫ് ഉന്നയിച്ചിരിക്കുന്നത്.
കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ഹരിത കര്‍മ സേന പ്രവര്‍ത്തകര്‍ എന്നിവരെ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നും ആരോപണമുണ്ട്. അതേസമയം യുഡിഎഫിന്റെ ആരോപണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നായിരുന്നു ഇടതുപക്ഷത്തിന്റെ വിശദീകരണം.
അതേസമയം പരാതിയില്‍ പ്രതികരണവുമായി തോമസ് ഐസക്ക് രംഗത്തെത്തി. താന്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിട്ടില്ലെന്നും അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. പിന്നെ കുടുംബശ്രീ യോഗങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അവിടെ കയറി വോട്ട് ചോദിക്കും. ജനകീയ പരിപാടി യുഡിഎഫിനെ അലട്ടുന്നുണ്ടെന്നും അതിനെ താറടിക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.