മാനന്തവാടി: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത വിദ്യാർഥികൾക്ക് വീണ്ടും സസ്‌പെൻഷൻ. 33 വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്തത്. ഇത് സംബന്ധിച്ച ഉത്തരവും ഡീൻ പുറത്തുവിട്ടു.
സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളെ കുറ്റവിമുക്തരാക്കിയെന്ന ഉത്തരവ് വിസി പുറത്തിറക്കിയിരുന്നു. ഇത് പിൻവലിച്ചാണ് വീണ്ടും വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തത്. ഏഴ് പ്രവൃത്തി ദിവസങ്ങളിലേക്കാണ് സസ്‌പെൻഷൻ. റാഗിങിന്റെ പേരിൽ സസ്‌പെൻഡ് ചെയ്ത രണ്ട് വിദ്യാർഥികളുടെ സസ്‌പെൻഷൻ നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
സസ്‌പെൻഡ് ചെയ്ത 33 വിദ്യാർഥികളെ തിരിച്ചെടുത്തത് ചൂണ്ടിക്കാട്ടി സിദ്ധാർത്ഥന്റെ പിതാവ് ഗവർണർക്ക് പരാതി നൽകിയിരുന്നു. വിദ്യാർഥികളെ തിരിച്ചെടുത്തതിൽ രാഷ്‌ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്നും അദേഹം ആരോപിച്ചു. സിബിഐ അന്വേഷണം നീണ്ടു പോകുന്നതിന്റെ ആശങ്കയും ജയപ്രകാശ് ഗവർണറുമായി പങ്കുവച്ചിരുന്നു. ഇതോടെയാണ് സസ്‌പെൻഷൻ പിൻവലിച്ച വിസിയുടെ ഉത്തരവ് റദ്ദാക്കാൻ ഗവർണർ നിർദേശം നൽകിയത്.