സംസ്ഥാനത്ത് 'ഓള്‍ പാസ്'തുടരും: മൂല്യ നിര്‍ണയത്തില്‍ അധ്യാപകരെ പ്രത്യേകം നിരീക്ഷിക്കും

സംസ്ഥാനത്ത് 'ഓള്‍ പാസ്'തുടരും: മൂല്യ നിര്‍ണയത്തില്‍ അധ്യാപകരെ പ്രത്യേകം നിരീക്ഷിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളില്‍ ഓള്‍ പാസ് തുടരും. എന്നാല്‍ ഓള്‍ പാസ് ഉള്ളതിനാല്‍ പരീക്ഷാ പേപ്പര്‍ നോക്കുന്നതില്‍ അധ്യാപകര്‍ ലാഘവബുദ്ധി കാണിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും.
മൂല്യനിര്‍ണയം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അധ്യാപകരെ നിരീക്ഷിക്കും. ഇതിനായി പ്രത്യേകം നിരീക്ഷകരെ നിയോഗിക്കും.

മൂല്യനിര്‍ണയത്തില്‍ 30 ശതമാനം മാര്‍ക്ക് നേടാത്ത കുട്ടികളുടെ വിവരം പ്രത്യേകം തയ്യാറാക്കും. അവരുടെ പഠന നിലവാരം ഉറപ്പാക്കാനുള്ള സൗകര്യവും സ്‌കൂളുകളില്‍ സജ്ജമാക്കും. ഇതുവഴി ഓരോ ക്ലാസിലും ആര്‍ജിക്കേണ്ട ശേഷി വിദ്യാര്‍ത്ഥി നേടിയെന്ന് ഉറപ്പാക്കും.

അല്ലാത്തവര്‍ക്ക് അക്കാഡമിക് പിന്തുണ നല്‍കാന്‍ പ്രത്യേക പഠന പരിപാടികള്‍ ആവിഷ്‌കരിക്കും. മെയ് ആദ്യവാരം പരീക്ഷാ ഫലം പ്രഖ്യാപിക്കും. അതിനുശേഷം പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളുമായി അധ്യാപകര്‍ പ്രത്യേക സമ്പര്‍ക്കം പുലര്‍ത്തി പിന്തുണാ പദ്ധതി തയാറാക്കാനാണ് നിര്‍ദേശം. മന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ നടന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.