ഊരുവിലക്ക്: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കേസ്

ഊരുവിലക്ക്: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് പാലായിയിലെ ഊരുവിലക്കില്‍ ഒമ്പത് പേര്‍ക്കെതിരെ കേസ്. പറമ്പില്‍ നിന്ന് തേങ്ങയിടുന്നത് തടഞ്ഞ സംഭവത്തില്‍ മൂന്ന് പരാതികളിന്‍മേലാണ് കേസ്. രണ്ട് സിപിഎം ബ്രാഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
സ്ഥലം ഉടമ എം.കെ രാധയുടെ കൊച്ചുമകള്‍ അനന്യ, തെങ്ങു കയറ്റ തൊഴിലാളി ഷാജി എന്നിവര്‍ നല്‍കിയ പരാതികളില്‍ എട്ട് പേര്‍ക്കെതിരെയും അയല്‍വാസി ലളിത നല്‍കിയ പരാതിയില്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് എതിരെയുമാണ് കേസ്.

അനന്യയുടെ പരാതിയില്‍ സിപിഎം പാലായി തായല്‍ ബ്രാഞ്ച് അംഗം വി.വി ഉദയന്‍, പാലായി സെന്‍ട്രല്‍ ബ്രാഞ്ച് അംഗം പത്മനാഭന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തെങ്ങുകയറ്റ തൊഴിലാളി പടന്നക്കാട് കുറുന്തൂരിലെ കെ. ഷാജിയുടെ പരാതിയില്‍ വി.വി ഉദയന്‍, കുഞ്ഞമ്പു എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു രണ്ട് പേര്‍ക്കെതിരെയുമാണ് കേസ്.

പറമ്പില്‍ നിന്ന് തേങ്ങയിടുന്നത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്. ശനിയാഴ്ച തെങ്ങില്‍ കയറാനെത്തിയ തൊഴിലാളിയെ മറ്റ് തൊഴിലാളികള്‍ തടഞ്ഞതായും പറയുന്നു. പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണവുമായി ബന്ധപ്പെട്ട് 2016 മുതല്‍ പ്രദേശം സംഘര്‍ഷാവസ്ഥയിലാണ്. സമീപത്തെ റോഡ് നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കാത്തതിനാല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.