കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ.ഡി കൊച്ചി യൂണിറ്റ് കേസില്‍ ഇസിഐആര്‍ (എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്തു.
വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് അടക്കമുള്ളവരിലേക്കാണ് ഇ.ഡി അന്വേഷണം എത്തുന്നത്. കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്ഐഒ) അന്വേഷണം നടക്കുന്നതിനിടെയാണ് ഇ.ഡിയുടെ അന്വേഷണവും പുരോഗമിക്കുന്നത്.
എസ്എഫ്‌ഐഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക നടപടികള്‍ ആരംഭിച്ച ഇ.ഡി ആരോപണ വിധേയര്‍ക്ക് ഉടന്‍ നോട്ടിസ് നല്‍കുമെന്നാണ് വിവരം.
കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയെന്ന കേസാണ് അന്വേഷിക്കുന്നത്. നല്‍കാത്ത സേവനത്തിന് ലക്ഷങ്ങള്‍ കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആരോപണം.
ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിലുള്ള ഇ.ഡി ഇടപെടല്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ ചലനങ്ങളാണ് ഉണ്ടാക്കുക. കേന്ദ്ര ഏജന്‍സികളെ വിവിധ സംസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്രം ഉപയോഗിക്കുന്നു എന്ന ആരോപണം കേരളം അടക്കം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഇത് തിരഞ്ഞെടുപ്പിലും ശക്തമായ വിഷയമായിത്തീരും.