മാസപ്പടി കേസില്‍ ഇ.ഡിയുടെ ഒരന്വേഷണവും മുഖ്യമന്ത്രിയിലേക്കും മകളിലേക്കും എത്തില്ല: വി.ഡി സതീശന്‍

മാസപ്പടി കേസില്‍ ഇ.ഡിയുടെ ഒരന്വേഷണവും മുഖ്യമന്ത്രിയിലേക്കും മകളിലേക്കും എത്തില്ല: വി.ഡി സതീശന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴുള്ള സ്റ്റണ്ട് മാത്രമാണ് മാസപ്പടി കേസിലെ ഇ.ഡി അന്വേഷണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അന്വേഷണം സിപിഎമ്മും ബിജെപിയും ഒന്നിച്ചല്ല എന്ന് ബോധിപ്പിക്കാനുള്ള തന്ത്രം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇ.ഡി അന്വേഷണ പരിധിയില്‍ ഉള്ള കേസുകളുടെയൊക്കെ അന്വേഷണം എവിടെ എത്തി നില്‍ക്കുന്നു? ലൈഫ് മിഷന്‍ അടക്കം എല്ലാ അന്വേഷണവും ഒരു സുപ്രഭാതത്തില്‍ ഇല്ലാതായി. ബിജെപി-സിപിഎം നേതാക്കള്‍ തമ്മില്‍ ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് വരെയുണ്ടായി.

മാസപ്പടി അന്വേഷണത്തില്‍ അച്ഛനും മകള്‍ക്കും ഒരു നോട്ടീസ് പോലും ഏജന്‍സികള്‍ നല്‍കിയിട്ടില്ല. ഒരു അന്വേഷണവും മുഖ്യമന്ത്രിയിലേക്കും മകളിലേക്കും എത്തില്ല. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളോട് ഇവിടത്തെ പോലെ ഔദാര്യം അന്വേഷണ ഏജന്‍സികള്‍ കാണിച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

പ്രേമലേഖനം അയക്കുന്നത് പോലെയാണ് നോട്ടീസ് അയക്കുന്നത്. കേരളത്തിലെ സിപിഎമ്മും സംഘ്പരിവാറും തമ്മില്‍ അവിഹിത ബന്ധമാണുള്ളത്. തെളിവുകള്‍ യുഡിഎഫ് പലവട്ടം വെളിയില്‍ കൊണ്ടു വന്നതാണ്. രഹസ്യബന്ധമല്ല, ഇപ്പോള്‍ പരസ്യമായ ബന്ധമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.