ലോക്‌സഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നല്‍കുന്ന പരസ്യങ്ങള്‍ക്ക് അംഗീകാരം വാങ്ങണമെന്ന് നിര്‍ദേശം

ലോക്‌സഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നല്‍കുന്ന പരസ്യങ്ങള്‍ക്ക് അംഗീകാരം വാങ്ങണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നല്‍കുന്ന ദൃശ്യ, ശ്രവ്യ പരസ്യങ്ങള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങണം. ജില്ല തലത്തില്‍ സ്ഥാനാര്‍ത്ഥികളും വ്യക്തികളും നല്‍കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരമാണ് വേണ്ടത്.

നിര്‍ദിഷ്ട ഫോമില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സിഡിയിലോ പെന്‍ഡ്രൈവിലോ അംഗീകാരം കിട്ടേണ്ട ഉള്ളടക്കവും സമര്‍പ്പിക്കണം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസില്‍ അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ ആയിരിക്കും ജില്ലാതല കമ്മിറ്റിയുടെ അധ്യക്ഷന്‍. ഇത് സംബന്ധിച്ച അപ്പീലുകള്‍ പരിശോധിക്കുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി രൂപവല്‍കരിച്ചിട്ടുണ്ട്.

അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷിക്കുന്നതിനുള്ള മീഡിയ മോണിറ്ററിങ് സെല്ലും ചീഫ് ഇലക്ടറല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നു. വ്യാജ വാര്‍ത്തകള്‍, പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ വാര്‍ത്തകള്‍, പെയ്ഡ് ന്യൂസുകള്‍ എന്നിവ കണ്ടെത്തിയാല്‍ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.