അരീക്കോട്(മലപ്പുറം): വഴിയില്‍ നിര്‍ത്തിയ വാഹനങ്ങളില്‍ നിന്ന് കുറേ ആളുകള്‍ പെട്ടന്ന് കടയിലേക്ക് വരുന്നത് കണ്ടപ്പോള്‍ അരീക്കോട് പത്തനാപുരത്തെ സ്വാദ് ബേക്കറിയുടമ ആദ്യമൊന്ന് അമ്പരന്നു. പിന്നീടത് അപ്രതീക്ഷിത സന്തോഷമായി മാറി. കാരണം ജനക്കൂട്ടത്തിന് ഇടയിലുള്ള വ്യക്തി വിവിഐപിയാണ്... തങ്ങളുടെ പ്രീയപ്പെട്ട എംപി രാഹുല്‍ ഗാന്ധി.
യാത്രയില്‍ വഴിയോരങ്ങളിലെ കടകളിലിറങ്ങി നാട്ടുകാരോട് കുശലാന്വേഷണം നടത്തുന്ന രാഹുല്‍ ഗാന്ധി ബുധനാഴ്ചയും പതിവ് തെറ്റിച്ചില്ല. വണ്ടൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്രാമധ്യേയാണ് അരീക്കോട് പത്തനാപുരത്തെ സ്വാദ് ബേക്കറിയില്‍ കയറി രാഹുല്‍ ജനങ്ങളെ കൈയിലെടുത്തത്.
പിന്നീട് കടയിലുള്ളവരും അങ്ങാടിയിലുള്ളവരും രാഹുലിന് ഹസ്തദാനം നല്‍കാനും ഫോട്ടോ എടുക്കാനും തിക്കിത്തിരക്കി. കടയില്‍ നിന്ന് ബിസ്‌ക്കറ്റും അരിനുറുക്കും വാങ്ങിയാണ് രാഹുല്‍ യാത്ര തുടര്‍ന്നത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ്, അരീക്കോട് മണ്ഡലം പ്രസിഡന്റ് എ.ഡബ്ല്യു. അബ്ദുറഹ്മാന്‍, അജീഷ് എടാലത്ത്, ഡി.സി.സി അംഗം യു.എസ്. ഖാദര്‍, ജനപ്രതിനിധികളായ ഷിബില്‍ ലാല്‍, നൗഷര്‍ കല്ലട, ഷെറില്‍ കരീം, സി. റംശീദ് എന്നിവരും രാഹുലിന് ഒപ്പമുണ്ടായിരുന്നു.