തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമ, മിമിക്രി താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ഇറക്കി ഇടത് കോട്ടയായ ബാലുശേരി പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കോഴിക്കോട് ജില്ലയിലെ ബാലുശേരി മണ്ഡലം പതിറ്റാണ്ടുകളായി ഇടതു പക്ഷത്തിന്റെ കുത്തക സീറ്റാണ്. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാം എന്ന് ധര്‍മജന്‍ പ്രതികരിച്ചു. ഇതു സംബന്ധിച്ച ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മണ്ഡലത്തില്‍ സജീവമാണ് താരം. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ബാലുശേരിയില്‍ പരിപാടിക്കെത്തുമെന്ന് ധര്‍മ്മജന്‍ പറഞ്ഞു. നിലവില്‍ മുസ്ലീംലീഗിന്റെ കൈവശമാണ് ബാലുശേരി മണ്ഡലം. ഇത് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെങ്കില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി തന്നെ സ്ഥാനാര്‍ഥി ആയേക്കും.
കോഴിക്കോട് ജില്ലയില്‍ കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ ധര്‍മ്മജന്‍ വീട്ടിലെത്തി കാണുകയും ജില്ലാ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. സംസ്ഥാന നേതാക്കളുമായി ആശയവിനിമയം തുടരുന്നുണ്ടെന്നാണ് വിവരം. സിപിഎം സ്ഥാനാര്‍ത്ഥിയായ പുരുഷന്‍ കടലുണ്ടി 15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ജയിച്ചത്. മുസ്ലിംലീഗിലെ യു.സി രാമനെയാണ് പരാജയപ്പെടുത്തിയത്. ധര്‍മ്മജന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ മണ്ഡലം പിടിക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.