അവസാനം ഉമ്മന്‍ ചാണ്ടി വാര്‍ത്താ കുറിപ്പ് ഇറക്കി: 'പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ല'

 അവസാനം ഉമ്മന്‍ ചാണ്ടി വാര്‍ത്താ കുറിപ്പ് ഇറക്കി: 'പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ല'

തിരുവനന്തപുരം: അവസാനം ഉമ്മന്‍ ചാണ്ടി വാര്‍ത്താ കുറിപ്പ് ഇറക്കി. ' തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞ് കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ല'. ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന തരത്തില്‍ വാര്‍ത്തകളും ചര്‍ച്ചകളും സജീവമായതോടെയാണ് അദ്ദേഹത്തിന് വാര്‍ത്താ കുറിപ്പ് ഇറക്കി നയം വ്യ്ക്തമാക്കേണ്ടി വന്നത്.

തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നും അതുവഴി തെക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് നിര്‍ദ്ദേശം വന്നിരുന്നു. നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന നിര്‍ദ്ദേശം മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ മുന്നോട്ട് വച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.

ഇതിനെ പിന്തുണച്ച് ഐ ഗ്രൂപ്പ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് ഉമ്മന്‍ചാണ്ടി ഔദ്യോഗികമായി വാര്‍ത്താ കുറിപ്പ് ഇറക്കി തന്നെ ഇതെല്ലാം നിഷേധിച്ചത്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണം. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടു പോലുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.