പുതിയ കാലവും പുതിയ ലോകവും നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കണം; സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

 പുതിയ കാലവും പുതിയ ലോകവും നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കണം; സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി: പുതിയ കാലവും പുതിയ ലോകവും നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് പൊതുവിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം എളമക്കര ജി.എച്ച്.എസ്.എസില്‍യിരുന്നു പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം. വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തും പുതിയ അധ്യയന വര്‍ഷത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ഇത്തവണയും കൃത്യസമയത്ത് പാഠപുസ്തകവും യൂണിഫോമും കുട്ടികള്‍ക്ക് നല്‍കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ് മുറികള്‍ ഹൈടെക്കായി. റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കി. വിദ്യാഭ്യാസത്തിനും വിനോദത്തിനും ഒട്ടേറെ സാധ്യതകളുള്ള ഇടമാക്കി വിദ്യാലയങ്ങളെ മാറ്റി. പൊതുവിദ്യാഭ്യാസ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ നാടിന് ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാവിലെ മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിച്ചു. മന്ത്രിമാര്‍ ചേര്‍ന്ന് കുരുന്നുകള്‍ക്ക് മധുരം നല്‍കി. ശേഷം മുഖ്യമന്ത്രി കുട്ടികള്‍ക്കായി പുത്തന്‍ ബാഗുകളും മറ്റ് പഠന സാധനങ്ങളും കൈമാറി. തുടര്‍ന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നു.

ഒന്നാം ക്ലാസിലേക്ക് ഇതുവരെ ചേര്‍ന്നത് 2,44,646 കുട്ടികളാണ്. ഇത് ഉള്‍പ്പെടെ മധ്യവേനല്‍ അവധി കഴിഞ്ഞ് 39,94,944 കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലേക്ക് എത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.