കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബഹ്റൈനിലേക്ക് പുറപ്പട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ മലയാളി യുവാവിന്റെ അതിക്രമം. സംഭവത്തില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മുസവിറിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ക്യാബിന്‍ ക്രൂവിനെ മര്‍ദ്ദിക്കുകയും വിമാനത്തിന്റെ വാതില്‍ ബലം പ്രയോഗിച്ച് തുറക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
യുവാവിന്റെ അതിക്രമത്തെ തുടര്‍ന്ന് മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയാണ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ ഒന്നിനാണ് സംഭവം നടന്നതെന്ന് സാഹര്‍ പൊലീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോഴിക്കോട് നിന്നും കയറിയ ഇയാള്‍ ഇടയ്ക്കു വച്ച് ഉറക്കം ഉണര്‍ന്ന ഉടന്‍ വിമാനത്തിന്റെ പുറകുവശത്തേക്ക് പോയി ക്യാബിന്‍ ക്രൂവിനെ മര്‍ദിക്കുകയും വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്.
ഇതോടെ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഇയാളെ പിടിച്ച് സീറ്റിലിരുത്തി. എന്നാല്‍ ക്രൂ അംഗങ്ങളെ അസഭ്യം പറയാന്‍ തുടങ്ങിയ യുവാവ് അവരെയും മറ്റ് യാത്രക്കാരെയും കൈയേറ്റം ചെയ്യുകയും എമര്‍ജന്‍സി ഡോര്‍ തുറക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യുവാവിനെ നിയന്ത്രിക്കാന്‍കഴിയാതെ വന്നതോടെ സുരക്ഷാ ഭീഷണി ഉണ്ടായി. ഇതോടെയാണ് വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കേണ്ടി വന്നത്.
യുവാവിനെതിരെ ഐപിസി 336 (ജീവന്‍ അപകടപ്പെടുത്തുന്ന പ്രവൃത്തി), 504 (സമാധാന ലംഘനത്തിനുള്ള പ്രകോപനം), 506 (ഭീഷണിപ്പെടുത്തല്‍), 323 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍) എന്നീ വകുപ്പുകളും എയര്‍ക്രാഫ്റ്റ് നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.