തിരുവനന്തപുരം: വോട്ടെണ്ണല്‍ ആരംഭിച്ചു. ഫലം ഉടന്‍ ലഭ്യമായി തുടങ്ങും. വോട്ടെണ്ണല്‍ നടപടികളുടെ ആദ്യ പടിയായി തിരുവനന്തപുരത്തും എറണാകുളത്തും സ്‌ട്രോങ് റൂമുകള്‍ തുറന്നു. തിരുവനന്തപുരത്ത് സര്‍വോദയ സ്‌കൂളിലും എറണാകുളത്ത് മഹാരാജാസ് കോളജിലുമാണ് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചത്.
രാവിലെ ആറോടെയാണ് സ്‌ട്രോങ് റൂമുകള്‍ തുറന്ന് തുടങ്ങിയത്. രാവിലെ എട്ടോടെയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് വോട്ടിങ് മെഷീനുകള്‍ മാറ്റുക.
രാവിലെ എട്ടിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളില്‍ വോട്ടെണ്ണി തുടങ്ങും. ആദ്യം എണ്ണുക തപാല്‍ വോട്ടാണ്. ഒന്‍പതോടെ ആദ്യ ഫലസൂചന കിട്ടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. പതിനൊന്നോടെ വിജയി ആരെന്ന് അന്തിമ തീര്‍പ്പാകും. ലോക്‌സഭയിലേക്ക് ആരെന്നറിയാന്‍ 39 ദിവസത്തെ നീണ്ട കാത്തിരിപ്പിനാണ് ഇന്ന് വിരാമം ആകുന്നത്.
സുരക്ഷിതവും സുതാര്യവുമായി വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തപാല്‍ വോട്ടുകള്‍ എണ്ണുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും അദേഹം പറഞ്ഞു. ഭൂരിഭാഗം സര്‍വേകളും യു.ഡി.എഫിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും എല്‍.ഡി.എഫിന് നാല് സീറ്റുവരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു.