ദയനീയ പരാജയം പരിശോധിക്കും; അഞ്ച് ദിവസത്തെ നേതൃയോഗം വിളിച്ച് സിപിഎം

ദയനീയ പരാജയം പരിശോധിക്കും; അഞ്ച് ദിവസത്തെ നേതൃയോഗം വിളിച്ച് സിപിഎം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടി പരിശോധിക്കാന്‍ അഞ്ച് ദിവസത്തെ നേതൃയോഗം വിളിച്ച് സിപിഎം. വെള്ളിയാഴ്ച ചേരുന്ന സെക്രട്ടറിയേറ്റില്‍ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രാഥമിക വിലയിരുത്തല്‍ നടക്കും.

ജൂണ്‍ 16, 17 തിയതികളിലായി സംസ്ഥാന സെക്രട്ടറിയേറ്റ് 18, 19, 20 തിയതികളിലായി സംസ്ഥാന സമിതി യോഗം എന്നിങ്ങനെയാണ് ചേരുന്നത്. ആലത്തൂരില്‍ നിന്ന് ജയിച്ച് മന്ത്രി കെ. രാധാകൃഷ്ണന്‍ ലോക്സഭയില്‍ എത്തുന്നതോടെ മന്ത്രിസഭാ പുനസംഘടന ചര്‍ച്ചകളും സിപിഎമ്മിന്റെ പരിഗണനയിലുണ്ട്.

എംപിയായി തിരഞ്ഞെടുത്തുകൊണ്ടുള്ള വിജ്ഞാപനം ഇറങ്ങി 14 ദിവസത്തിനകം നിയമസഭാംഗത്വം രാജിവയ്ക്കണമെന്നാണ് ചട്ടം. ഇക്കാര്യം മറ്റെന്നാള്‍ ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയാകും. ജൂണ്‍ പത്തിന് നിയമസഭാ സമ്മേളനം തുടങ്ങുന്നത് സംബന്ധിച്ചും പാര്‍ട്ടിയുടെ ആലോചനയില്‍ ഉണ്ട്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം പിണറായി സര്‍ക്കാരിന് വഴിയൊരുക്കിയ പിന്നോക്ക, മുസ്ലീം വോട്ട് ബാങ്കുകളിലെ വലിയ വിള്ളലാണ് എല്‍ഡിഎഫ് വിജയം ഒരു സീറ്റിലൊതുക്കിയ കനത്ത തിരിച്ചടിക്ക് മുഖ്യകാരണമായതെന്നാണ് വിലയിരുത്തല്‍. പിന്നോക്ക-പട്ടിക സമുദായങ്ങള്‍ക്ക് കടുത്ത അവഗണനയാണ് മൂന്ന് വര്‍ഷത്തെ ഭരണത്തില്‍ നേരിട്ടതെന്ന പരാതിയും ഉര്‍ന്നിരുന്നു.

പിഎസ്‌സി റാങ്ക് ലിസ്റ്റുകളെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെയും നോക്കുക്കുത്തികളാക്കിയും സംവരണം അട്ടിമറിച്ചും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകളിലും മറ്റും വ്യാപകമായി നടക്കുന്ന പിന്‍വാതില്‍ കരാര്‍ നിയമനങ്ങളിലുള്ള യുവജനങ്ങളുടെ രോഷവും സര്‍ക്കാര്‍ വിരുദ്ധ വികാരം സൃഷ്ടിച്ചെന്നും വിലയിരുത്തപ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.