തൃശൂരിലെ തോല്‍വി: ഇടഞ്ഞ മുരളീധരനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമം; മൂന്ന് പ്രധാന ഓഫറുകള്‍

തൃശൂരിലെ തോല്‍വി: ഇടഞ്ഞ മുരളീധരനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമം;  മൂന്ന് പ്രധാന ഓഫറുകള്‍

കൊച്ചി:  തൃശൂരിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന കെ. മുരളീധരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം.

വടകരയില്‍ മത്സരിച്ചാല്‍ വിജയിക്കുമായിരുന്നുവെന്നും ബലിയാടാകാന്‍ തൃശൂരിലേക്ക് വരേണ്ടിയിരുന്നില്ലെന്നും ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ച മുരളീധരന്‍ പ്രചാരണ രംഗത്ത് പ്രധാന കോണ്‍ഗ്രസ് നേതാക്കളാരും എത്തിയിരുന്നില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.

തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇനി മത്സരിക്കാനില്ലെന്നും പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുമെന്നും അദേഹം പ്രഖ്യാപിച്ചു. ഇതോടെയാണ് മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചത്. മുരളീധരന്‍ പിണങ്ങിയാല്‍ അത് വലിയ തലവേദനയാകുമെന്ന് നേതൃത്വം കണക്കു കൂട്ടുന്നുണ്ട്.

വോട്ടെണ്ണല്‍ കഴിഞ്ഞ് മുരളീധരനെ സമാധാനിപ്പിക്കാന്‍ മണ്ണുത്തിയിലെത്തിയ ജില്ലാ നേതാക്കളോടും അദേഹം അതിരൂക്ഷമായിട്ടായിരുന്നു പ്രതികരിച്ചത്. വരും ദിവസങ്ങളില്‍ നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണവുമായി അദേഹം രംഗത്തെത്തിയേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ മുരളീധരന് അര്‍ഹമായ പദവികള്‍ നല്‍കാനായിരിക്കും ആദ്യ ശ്രമം. യുഡിഎഫ് കണ്‍വീനര്‍ പദവി, കെപിസിസി അധ്യക്ഷ സ്ഥാനം, രാഹുല്‍ ഗാന്ധി ഒഴിവായാല്‍ വയനാട് ലോക്‌സഭാ സീറ്റ് എന്നീ മൂന്ന് ഓഫറുകളായിരിക്കും മുന്നില്‍ വെച്ചേക്കുക.

അടുത്ത വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും 2026 ല്‍ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മുരളീധരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തോ, യുഡിഎഫ് കണ്‍വീനര്‍ പദവിയിലോ വന്നാല്‍ അത് മുന്നണിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ ഉണ്ട്. യുഡിഎഫിലെ രണ്ടാമത്തെ ഘടക കക്ഷിയായ മുസ്ലീം ലീഗുമായും മുരളിക്ക് നല്ല ബന്ധമാണുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.