മുരളീധരന്‍ കെപിസിസി നേതൃസ്ഥാനം ആവശ്യപ്പെട്ടേക്കും; അനുനയിപ്പിക്കാന്‍ കെ. സുധാകരന്‍ നേരിട്ടെത്തും

മുരളീധരന്‍ കെപിസിസി നേതൃസ്ഥാനം ആവശ്യപ്പെട്ടേക്കും; അനുനയിപ്പിക്കാന്‍ കെ. സുധാകരന്‍ നേരിട്ടെത്തും

കോഴിക്കോട്: തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരനെ അനുനയിപ്പിക്കാന്‍ കെപിസിസി. മുരളീധരനുമായി ചര്‍ച്ച നടത്താന്‍ കെപിസിസി അധ്യക്ഷനും നിയുക്ത കണ്ണൂര്‍ എംപിയുമായ കെ. സുധാകരന്‍ നേരിട്ടെത്തും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോഴിക്കോട്ടാണ് കൂടിക്കാഴ്ച.

ഉപതിരഞ്ഞെടുപ്പ് നടന്നേക്കാവുന്ന വയനാട് സീറ്റാണ് ഫോര്‍മുലയെങ്കിലും ഇത് മുരളീധരന്‍ ഏറ്റെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് പ്രിയങ്കാ ഗാന്ധിക്ക് അനുകൂലമായി എഐസിസി തീരുമാനം വരാന്‍ സാധ്യതയുണ്ടെന്നിരിക്കെ കെപിസിസി അധ്യക്ഷസ്ഥാനം അദേഹം ആവശ്യപ്പെട്ടേക്കും.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാമതായതിനെത്തുടര്‍ന്ന് സംഘടനയ്‌ക്കെതിരേ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ യൂത്ത് കോണ്‍ഗ്രസുമെത്തി. ഇക്കാര്യങ്ങളും ഇന്ന് ചര്‍ച്ചയായേക്കും. ഇതോടെ തോല്‍വി സംബന്ധിച്ച് ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടുമെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി.

പല നേതാക്കളുടെയും പദവികള്‍ തെറിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ശക്തമായ ത്രികോണമത്സരം എന്ന നിലയില്‍ രാജ്യം ഉറ്റുനോക്കിയ തൃശൂരില്‍ ബിജെപിയുടെ സുരേഷ് ഗോപി 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. 412338 വോട്ടുകളും അദേഹം നേടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.