'ചക്രവര്‍ത്തി നഗ്‌നനെങ്കില്‍ വിളിച്ചു പറയുക സമൂഹത്തിന്റെ ഉത്തരവാദിത്വം'; മാര്‍ കൂറിലോസിനെ അധിക്ഷേപിച്ച മുഖ്യമന്ത്രിയ്‌ക്കെതിരെ ക്രൈസ്തവ സംഘടനകളുടെ സംയുക്ത കൂട്ടായ്മ

 'ചക്രവര്‍ത്തി നഗ്‌നനെങ്കില്‍ വിളിച്ചു പറയുക സമൂഹത്തിന്റെ ഉത്തരവാദിത്വം';  മാര്‍ കൂറിലോസിനെ അധിക്ഷേപിച്ച മുഖ്യമന്ത്രിയ്‌ക്കെതിരെ ക്രൈസ്തവ സംഘടനകളുടെ സംയുക്ത കൂട്ടായ്മ

പത്തനംതിട്ട: മുന്‍ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ ക്രൈസ്തവ സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെസിസി) രംഗത്ത്. ഭരണാധികാരിയുടെ ഏകാധിപത്യം അപകടകരമാണ്. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറാകാത്തത് ഏകാധിപതികളുടെ പ്രത്യേകതയാണെന്നും കെസിസി കുറ്റപ്പെടുത്തി.

ചക്രവര്‍ത്തി നഗ്‌നനെങ്കില്‍ വിളിച്ചു പറയുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അത് ഉള്‍ക്കൊണ്ടു തിരുത്തുന്നതിന് പകരം വിമര്‍ശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണെന്നും കെസിസി പ്രസ്താവനയില്‍ പറഞ്ഞു. പണ്ട് നികൃഷ്ട ജീവി എന്ന് ഒരു പുരോഹിതനെ വിളിച്ചയാള്‍ ഇന്ന് വിവരദോഷിയെന്ന് മറ്റൊരു പുരോഹിതനെ വിളിക്കുമ്പോള്‍ വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ലെന്ന് മനസിലാക്കാം. കേരളത്തില്‍ സാധാരണക്കാരന് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം നേരിട്ട തിരിച്ചടിയ്ക്ക് ക്രൈസ്തവ സമൂഹത്തോട് സര്‍ക്കാര്‍ കാട്ടുന്ന വിവേചനപരമായ ഇടപെടലുകള്‍ ഉള്‍പ്പെടെ കാരണമായിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടപടിയായിട്ടില്ല. അതിനാല്‍ തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രസ്താവനയില്‍ പറയുന്നു.

കത്തോലിക്കാ സഭ ഒഴികെയുള്ള എപ്പിസ്‌കോപ്പല്‍ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയാണ് കെസിസി. യാക്കോബായ, ഓര്‍ത്തഡോക്‌സ്, സിഎസ്‌ഐ, മാര്‍ത്തോമ, ബിലീവേഴ്‌സ്, തൊഴിയൂര്‍ സഭകളാണ് കെസിസിയില്‍ ഉള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.